ന്യൂഡല്‍ഹി : സുരക്ഷാ പാളിച്ചകളുടെ ഒട്ടേറെ കഥകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയുടെ ഗെയിംസ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ഗുരുതരമായ സുരക്ഷാ പാളിച്ചകളാണ് ന്യൂഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന പ്രധാന വേദിയായ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ തൊട്ടടുത്തുള്ള ഒരു കാല്‍ നട പാലം തകര്‍ന്നു വീണു 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന വെടി വെപ്പില്‍ രണ്ടു തായ്‌ലാണ്ടുകാര്‍ക്ക് പരിക്കേറ്റു. വെടി വെപ്പിനെ തുടര്‍ന്ന് ന്യൂഡല്‍ഹി യിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൌരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ 7 ന്റെ റിപ്പോര്‍ട്ടര്‍ ഒരു വലിയ സൂട്ട്കേസ് നിറയെ സ്ഫോടക വസ്തുക്കളുമായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും സൂട്ട്കേസുമായി 15 മിനിട്ടോളം സ്റ്റേഡിയത്തിനകത്ത് കറങ്ങി നടക്കുകയും ചെയ്തു. കനത്ത പോലീസ് സുരക്ഷാ സാന്നിദ്ധ്യം ഉള്ള ഇവിടെ ഒരു പോലീസുകാരന്‍ പോലും ഇദ്ദേഹത്തെ തടയുകയോ സൂട്ട്കേസില്‍ എന്താണെന്ന് തിരക്കുകയോ ചെയ്തില്ല. ഏറ്റവും അപകടകരമായ കാര്യം, ഈ സ്ഫോടക വസ്തുക്കള്‍ പ്രാദേശികമായി വടക്കന്‍ ദല്‍ഹിയില്‍ നിന്നും തന്നെയാണ് ഇയാള്‍ ഒരു ഏജന്റില്‍ നിന്നും വാങ്ങിയത് എന്നതാണ്.