തൃശ്ശൂർ: മേട സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന പതിവിനു വിപരീതമായി കാര്‍മേഘങ്ങള്‍ കുട ചൂടിയ ആകാശമാണ് ഇത്തവണ വടക്കും നാഥനു മുകളില്‍. ഏതാനും ദിവസങ്ങളായി തുടരുന്ന മഴ പൂരത്തിന്റെ പ്രൌഢിയെ കെടുത്തുമോ എന്ന ആശങ്ക ഓരോ പൂര പ്രേമിക്കുമുണ്ടായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് മഴയും പൂരത്തിനായി സൌകര്യമൊരുക്കി. മഴ മാറിയതോടെ ഘടക ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള ദേവീ ദേവന്മാര്‍ പതിവു പ്രൌഢിയോടെ വടക്കും നാഥനിലേക്ക് എഴുന്നള്ളിയെത്തി. ആനയും മേളവും ആളും ആരവുമായി ഒരു പൂര മഴയായി മാറി അത് വടക്കും നാഥന്റെ സന്നിദ്ധിയില്‍ തിമര്‍ത്തു പെയ്തു കൊണ്ടിരിക്കുന്നു.
വെയിലും മഴയും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് എത്തി വടക്കും നാഥനെ വണങ്ങി. തുടര്‍ന്ന് മറ്റു ഘടക പൂരങ്ങളും തങ്ങളുടെ ഊഴമനുസരിച്ച് ആഘോഷപൂര്‍വ്വം വന്നു ശ്രീമൂല സ്ഥാനത്തെത്തി വണങ്ങി. ഇതിനിടയില്‍ പാറമേക്കാവിനു മുമ്പില്‍ ദേവിയുടെ പൂരപ്പുറപ്പാട്. രാവിലെ മഠത്തിലെത്തിയ തിരുവമ്പാടി വിഭാഗം. ഇനി മഠത്തില്‍ വരവ്. മഠത്തില്‍ വരവിനു തൃശ്ശൂരിന്റെ തിലകക്കുറി തിരുവമ്പാടി ശിവസുന്ദര്‍ എഴുന്നള്ളും. തൃശ്ശൂര്‍ പൂരത്തിനു ശിവസുന്ദറിനെ കൊമ്പ് പിടിച്ചാനയിക്കുക അവനെ നടയ്ക്കിരുത്തിയ പ്രമുഖ വ്യവസായി ടി. എ. സുന്ദര്‍ മേനോന്‍ ആണ്. അന്നമന്നട പരമേശ്വര മാരാരാണ് മഠത്തില്‍ വരവിനു പ്രാമാണ്യം വഹിക്കുക.
സ്വരാജ് റൌണ്ട് മുറിച്ച് കടന്ന് മൈതാനത്തിലൂടെ കിഴക്കേ ഗോപുരം കടന്നെത്തുന്ന പാറമേക്കാവ് വിഭാഗം ഗജവീരന്‍ പാറമേക്കാവ് ശ്രീപത്മനാഭന്റെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചോട്ടിലെത്തും. തുടര്‍ന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറം മേളം. കാലങ്ങള്‍ കടന്ന് ആവേശത്തിന്റെ കൊടുമുടിയേറ്റി ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിക്കുമ്പോള്‍ തെക്കോട്ടിറക്കമായി. തെക്കേ ഗോപുരം കടന്ന് മഹാരാജാവിന്റെ പ്രതിമയെ ചുറ്റി പാറമേക്കാവു വിഭാഗവും തിരുവമ്പാടി വിഭാഗവും മുഖാമുഖം നില്‍ക്കും. ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്ന് കൌതുകത്തിന്റെ കുടകള്‍ വിരിയും. രാത്രി പൂരം കഴിയുമ്പോള്‍ ആകാശത്ത് അഗ്നിയും വര്‍ണ്ണവും വാരി വിതറി കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം. പാറമേക്കാവും തിരുവമ്പാടിയും പരസ്പരം മത്സരിച്ച് പൊട്ടിക്കുമ്പോള്‍ അത് മറ്റൊരു ആകാശപ്പൂരമായി മാറും. പിറ്റേന്ന് രാവിലെ ഉള്ള പൂരത്തിനു ശേഷം ഉച്ചയോടെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയും. പൂരമഴയില്‍ കുളിച്ച ആസ്വാദകര്‍ക്ക് പിന്നെ അടുത്ത വര്‍ഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, തൃശ്ശൂര്‍ പൂരം