തിരുവനന്തപുരം: ഗുരുതരമായ സ്വഭാവദൂഷ്യം പുറത്ത് വന്നതിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.എം നേതാവ് പി.ശശിയെ പുറത്താക്കുവാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതി തീരുമാനിച്ചു. കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശി, നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്നു. ശശിക്കെതിരെ ശക്തമായ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ വി.എസ്. അച്ച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.
കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവായ ശശിയുടെ ഭാഗത്തുനിന്നും ഗുരുതരമായ സദാചാര ലംഘനമുണ്ടായി എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇതേ പറ്റി അന്വേഷിക്കുവാന്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ശശിയെ ജില്ലാ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. എന്നാല്‍ ശശിക്കെതിരെ എടുത്ത അച്ചടക്ക നടപടി അപര്യാപ്തമാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കന്മാരും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയിലും വിഷയം ചര്‍ച്ചക്ക് വരികയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിക്കൊണ്ടുള്ള സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പുന:പരിശോധിക്കുവാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം പരിഗണിക്കുകയും ശശിയെ പുറത്താക്കുവാന്‍ ഏകകണ്ഠമായി തന്നെ തീരുമാനിക്കുകയുമായിരുന്നു. ശശിയെ സംരക്ഷിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചിരുന്നു എന്ന വിമര്‍ശനം പാര്‍ട്ടി തള്ളികളഞ്ഞു. പി. കെ ശ്രീമതി, പാലോളി മുഹമ്മദുകുട്ടി തുടങ്ങിയ നേതാക്കള്‍ ശശിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരസ്യമായി രംഗത്ത് വന്നിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, സ്ത്രീ