തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന പിടിച്ചുപറി നിര്‍ബാധം തുടരുന്നു. തിരുവനന്തപുരത്ത് ഐ. എ. എസ്. ഉദ്യോഗസ്ഥയേയും നോക്കുകൂലിക്കാര്‍ വെറുതെ വിട്ടില്ല. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി. വി. അനുപമയെ വീട്ടില്‍ ചെന്നു ഭീഷണിപ്പെടുത്തുകയും, നോക്കുകൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ സി. ഐ. ടി. യു. നേതാവ് മുരളിയെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെ കേശവദാസപുരത്തേക്ക് താമസം മാറിയതായിരുന്നു അനുപമ. വീട്ടു സാധനങ്ങള്‍ ഇറക്കി കഴിയാറായപ്പോള്‍ സി. ഐ. ടി. യു. യൂണിയനില്‍ പെട്ട ചില തൊഴിലാളികള്‍ വന്ന് നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടു സാധനങ്ങള്‍ ആയതിനാലും, അവ വാഹനത്തില്‍ നിന്നും ഇറക്കി കഴിയാറായതിനാലും നോക്കുകൂലി നല്‍കുവാന്‍ സാധ്യമല്ലെന്ന് ഈ യുവ ഐ. എ. എസ്. ഉദ്യോഗസ്ഥ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അനുപമയേയും വീട്ടുടമയേയും തൊഴിലാളികൾ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങി. അടുത്ത ദിവസവും കൂടുതല്‍ തൊഴിലാളികളുമായി വന്ന് ഭീഷണി തുടര്‍ന്നു. നൊക്കുകൂലി നിയമ വിരുദ്ധമാണെന്നും, താനൊരു ഐ. എ. എസ്. ഉദ്യോഗസ്ഥയാണെന്നും വ്യക്തമാക്കിയപ്പോള്‍ ഐ. എ. എസ് കാരിയല്ല മുഖ്യമന്ത്രി ആയാല്‍ പോലും നോക്കുകൂലി വാങ്ങുമെന്നായി സംഘത്തിന്റെ ഭീഷണി.
മുരളിയുടെ ടെലിഫോണ്‍ നമ്പര്‍ നല്‍കി വൈകുന്നേരം ആകുമ്പോഴേക്കും പണത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് സി. ഐ. ടി. യു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുപമ ഡി. സി. പി. അജിതാ ബീഗത്തിനു പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പോലീസ് മുരളിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ തൊഴിലാളി സംഘടനകള്‍ നോക്കുകൂലിയുടെ പേരില്‍ പിടിച്ചു പറി നടത്തുന്നുണ്ട്. ഭീഷണിയിൽ ഭയന്നാണ് പലരും പരാതി നല്‍കുവാന്‍ തയ്യാറാകാത്തത് എന്ന ആക്ഷേപമുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ്, സ്ത്രീ