കോട്ടയം : കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് വധക്കേസിലെ പ്രതിയും ആന പാപ്പാനുമായ നാലുകോടി കപ്പറമ്പില്‍ സത്താറിനെ ഇടഞ്ഞ ആന കുത്തി. കൊല്ലം സ്വദേശിയായ ഷൈനിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി (മണികണ്ഠന്‍ ) എന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. തടി പിടിക്കുവാനായി കൊണ്ടു വന്ന ആനയെ അഴിക്കുവാന്‍ ചെന്നപ്പോളാണ് സത്താറിനെ കൊമ്പുകള്‍ക്കിടയിലാക്കി കുടഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാളുടെ വാരിയെല്ലിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കേസിലെ മാപ്പു സാക്ഷിയും ആനയുടെ രണ്ടാം പാപ്പാനുമായ ബിനുവിനും പരിക്കുണ്ട്. അഷ്ടപ്രഹരി എന്ന വിശേഷണത്തെ ശരി വെയ്ക്കും വിധം ആനയുടെ വാലു കൊണ്ടുള്ള അടിയേറ്റാണ് ബിനുവിനു പരിക്കേറ്റത്. സത്താറിനെ ആക്രമിക്കുന്നത് കണ്ട ബിനു ആനയുടെ മസ്തകത്തില്‍ കല്ലെറിഞ്ഞു ശ്രദ്ധ തിരിക്കുകയായിരുന്നു. ഇതിനിടയില്‍ സത്താര്‍ കൊമ്പിനിടയില്‍ നിന്നും ഊര്‍ന്ന് ഉരുണ്ടു മാറി. ഇടഞ്ഞ ആനയെ പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി വടവും ചങ്ങലയും ഇട്ട് ബന്ദവസ്സാക്കി. ആന ഇടഞ്ഞതറിഞ്ഞു തടിച്ചു കൂടിയ ആളുകള്‍ ബഹളം വെച്ചതും ഉപദ്രവിക്കുവാന്‍ ശ്രമിച്ചതും ആനയെ അസ്വസ്ഥനാക്കിയിരുന്നു. പോലീസെത്തി ആളുകളെ നിയന്ത്രിച്ചതോടെയാണ് പാപ്പാന്മാര്‍ക്ക് ആനയെ മെരുക്കുവാന്‍ സാധിച്ചത്. തളയ്ക്കുവാനുള്ള ശ്രമത്തിനിടയിൽ ആനയുടെ കണ്ണിനു സമീപത്തായി തോട്ടി കൊണ്ട് ഉടക്കിപ്പിടിച്ച് ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദിവസങ്ങളായി ആനയ്ക്ക് വേണ്ടത്ര പട്ടയോ വെള്ളമോ നല്‍കാതെ പാപ്പാന്മാര്‍ പീഢിപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു ദിവസം മുമ്പ് ഇതേ ആന സമീപത്തുള്ള വീടിന്റെ മതില്‍ തകര്‍ത്തിരുന്നതായും പറയുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം, കുറ്റകൃത്യം