പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ രായമംഗലം കുറുപ്പും പടി കൂട്ടുമഠം ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ മൂന്നു പേര്‍ മരിച്ചു. രായമംഗലം മുട്ടത്തുവീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ നാണി (66), ഒക്കല്‍ പെരുമറ്റം കൈപ്പിള്ളി വീട്ടില്‍ ഗോപിയുടെ ഭാര്യ ഇന്ദിര (59), കുറുപ്പം പടി ആറ്റികാലിക്കുടി വീട്ടില്‍ രവിയുടെ ഭാര്യ തങ്കമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴ് ആനകൾ ചിതറി ഓടിയതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വൈകീട്ട് ആറു മണിയോടെ ഉത്സവം സമാപിക്കുന്ന സമയത്ത് തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ആയിരുന്നു. ഗോപുരം കടക്കുമ്പോള്‍ തിടമ്പ് മറ്റൊരാനയുടെ മുകളിലേക്ക് മാറ്റി. ഇതിൽ പ്രകോപിതനായാണ് രാമചന്ദ്രൻ ഇടഞ്ഞത് എന്ന് പറയപ്പെടുന്നു. എന്നാൽ തൊട്ടടുത്തുള്ള ആനയുടെ കൊമ്പ് ശരീരത്തിൽ കൊണ്ടതാണ് ആനയെ പ്രകോപിതനാക്കിയത് എന്നും സൂചനയുണ്ട്.
പരിഭ്രാന്തനായ രാമചന്ദ്രന്‍ രണ്ടു സ്ത്രീകളെ കുത്തുകയും ചവിട്ടുകയും മറ്റൊരു സ്ത്രീയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിയുകയും ചെയ്തു. അനയുടെ ആക്രമണത്തിൽ മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. ഇതിനിടയിൽ രാമചന്ദ്രൻ മറ്റ് ആനകളേയും കുത്തി പരിക്കേല്പ്പിച്ചു. രാമചന്ദ്രന്റെ ആക്രമണത്തെ തുടർന്ന് കാളകുത്താന്‍ കണ്ണന്‍, പുതുപ്പള്ളി കേശവന്‍ എന്നീ കൂട്ടാനകളും പരിഭ്രാന്തരായി ചിതറിയോടി.
രാമചന്ദ്രനെ പിന്നീട് പാപ്പാന്‍ മണിയുടെ നേതൃത്വത്തില്‍ സമീപത്തു തന്നെ തളച്ചു. നാലര മാസത്തെ മദപ്പാടു കഴിഞ്ഞ് ഡോക്ടര്‍മാരുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാണ് രാമചന്ദ്രന്‍ ഉത്സവങ്ങളിൽ പങ്കെടുക്കുവാന്‍ തുടങ്ങിയത്. ഈ ഉത്സവകാലത്ത് ഇതിനോടകം നിരവധി ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടൊന്നും ആനയെ തളയ്ക്കാൻ ആവില്ല എന്നും, കോടതി നിർദ്ദേശിച്ചത് പോലെ ആനകളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ പാലിക്കണം എന്നുള്ള അവശ്യവും ഓരോ അനിഷ്ട സംഭവങ്ങൾക്കും ശേഷം നടക്കുന്ന ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം, ഉത്സവം