കോഴിക്കോട്: കേരളത്തിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധമായ “ഷാര്‍ജ ഷേക്ക്” ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ അവതരിപ്പിച്ച കലന്തന്‍സ് കൂള്‍ബാര്‍ ഉടമയായ അരീക്കോട്ട് കലന്തന്‍ ഹൌസില്‍ ഈ.പി. കലന്തന്‍ കോയ (85) അന്തരിച്ചു.
ഏകദേശം 48 വര്‍ഷം മുമ്പ് മൊയ്തീന്‍ പള്ളി റോഡിലാണ് കലന്തന്‍ കോയയും സുഹൃത്തും ജ്യൂസ് കട ആരംഭിക്കുന്നത്. ഷാര്‍ജ കപ്പ് ക്രിക്കറ്റ് കളി നടക്കുന്ന അവസരത്തില്‍ അടുത്തുള്ള ടി.വി.കടയില്‍ കളികണ്ടിരുന്നവരില്‍ ഒരാള്‍ ജ്യൂസ് ആവശ്യപ്പെട്ട് കലന്തന്‍ കോയയെ സമീപിച്ചു. അദ്ദേഹം ഞാലിപ്പൂവന്‍ പഴവും തണുപ്പിച്ച പാലും പഞ്ചസരയും ചേര്‍ത്ത് ജൂസ് അടിച്ചു നല്‍കി. സ്വാദേറിയ ആ ജ്യൂസിന്റെ പേരു ചോദിച്ചപ്പോള്‍ “ഷാര്‍ജ ഷേക്ക്” എന്നാണ് കലന്തന്‍ കോയ പറഞ്ഞതത്രെ. അങ്ങിനെയാണ് ഷാര്‍ജ ഷേക്ക് ഉണ്ടായതെന്നാണ് കോഴിക്കോട്ടെ ജ്യൂസ് പ്രിയന്മാര്‍ അവകാശപ്പെടുന്നത്. ആപ്പിള്‍, സ്ട്രോബറി,ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവ ഉപയോഗിച്ചും വൈവിധ്യമാര്‍ന്ന നിരവധി “ഷേക്കുകളും” “ജ്യൂസുകളും” കലന്തന്‍ കോയ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ട്. കോയയുടെ കടയിലെ ജ്യൂസിന് അന്യദേശത്തുനിന്നുവരെ ആവശ്യക്കാര്‍ എത്തി. ഇതോടെ മറ്റു കടക്കാരും കലന്തന്‍സ് ഷേക്കുകളെ അനുകരിക്കുവാന്‍ തുടങ്ങി. കേരളവും കടന്ന് അന്യദേശങ്ങളിലും ഷാര്‍ജ ഷേക്ക് പ്രസിദ്ധമായി.1980-ല്‍ കലന്തന്‍ കോയ കെ.പി.കെ ഫ്രൂട്ട്സ് ആന്റ് കൂള്‍ബാര്‍ എന്നൊരു സ്ഥാപനം മാനാഞ്ചിറയില്‍ ആരംഭിച്ചു. കിഡ്സണ്‍ കോര്‍ണര്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലും ശാഖകള്‍ ആരംഭിച്ചു.
ഇമ്പിച്ചി ഫാത്തിമാബി ആണ് ഭാര്യ. മക്കള്‍: ഉസ്മാന്‍ കോയ, മുസ്തഫ, സുഹറാബി, ലൈല, അഷ്‌റഫ്, ഷാഹുല്‍ ഹമീദ്, ഷാഫി, ഉമൈബ, ഹൈറുന്നീസ.
- എസ്. കുമാര്‍