Sunday, November 9th, 2014

അതികായന്‍ അരങ്ങൊഴിഞ്ഞു

mv-raghavan-epathram

കണ്ണൂര്‍: സി. എം. പി. കേരള രാഷ്ടീയത്തിലെ അതികായന്‍ എം. വി. രാഘവന്‍ അരങ്ങൊഴിഞ്ഞു. അദ്ദേഹം യാഥാർത്ഥ്യമാക്കിയ പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നു രാവിലെ 9.10 നു ആയിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു വൈകീട്ട് നാലു മണി വരെ പരിയാരം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് പറശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലും പൊതു ദര്‍ശനത്തിനു വെക്കും. പിന്നീട് ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ സി. എം. പി. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലും ടൌണ്‍ സ്ക്വയറിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

1933 മെയ് 5നു കണ്ണൂരില്‍ മേലത്ത് വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടേയും തമ്പായിയുടേയും മകനായിട്ടാണ് എം. വി. രാഘവന്‍ എന്ന എം. വി. ആറിന്റെ ജനനം. പി. കൃഷ്ണ പിള്ളയുടേയും, എ. കെ. ജി. യുടേയും സ്വാധീനം മൂലം പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തന്റേടവും പ്രവര്‍ത്തന മികവും അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് വളര്‍ത്തി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. എമ്മിനൊപ്പം നിന്നു. ഡി. വൈ. എഫ്. ഐ. യുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. മലബാറില്‍ യുവാക്കളേയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. തനിക്കൊപ്പം പുതിയ ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ എം. വി. ആര്‍. പ്രത്യേകം ശ്രദ്ധിച്ചു. പലരും നക്സലിസത്തിലേക്ക് വഴി മാറിയപ്പോള്‍ അവരെ തിരിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടു വരുവാന്‍ പാര്‍ട്ടി നിയോഗിച്ചത് എം. വി. ആറിനെ ആയിരുന്നു. ഇന്ന് സി. പി. എമ്മിന്റെ നേതൃനിരയില്‍ ഉള്ള പലരും രാഘവന്‍ കൈപിടിച്ചുയര്‍ത്തിയവരാണ്.

1964-ല്‍ ചൈനീസ് ചാരന്മാര്‍ എന്ന് ആരോപിച്ച് ജയിലില്‍ അടച്ചവരുടെ കൂട്ടത്തില്‍ എം. വി. രാഘവനും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. നിരവധി തവണ ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 1967-ല്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1970-ല്‍ മാടായി മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമ സഭയില്‍ എത്തി. 1980ലും 82 ലും കൂത്തുപറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതോടെ പാര്‍ട്ടിക്ക് അനഭിമതനായി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് നിരന്തരമായ രാഷ്ടീയ വേട്ടയാടലുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അവയെ കരുത്തോടെ നേരിട്ടു.

1986 ജൂലൈ 27 നു കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി. എം. പി.) രൂപീകരിച്ചു. അന്നു മുതല്‍ മരണം വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. സി. പി. എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ച് വിജയം കൈവരിച്ചത് പിന്നീട് ഗൌരിയമ്മക്കും ടി. പി. ചന്ദ്രശേഖരനും കരുത്തു പകര്‍ന്നു. സി. എം. പി. യും, ഗൌരിയമ്മയുടെ പാര്‍ട്ടിയും പിന്നീട് യു. ഡി. എഫിന്റെ ഘടക കക്ഷിയായി.

1987-ലെ തിരഞ്ഞെടുപ്പ് എം. വി. രാഘവന്റെ രാഷ്ടീയ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നായിരുന്നു. സി. പി. എമ്മിന്റെ കോട്ടയില്‍ തന്റെ രാഷ്ട്രീയ ശിഷ്യന്‍ ഇ. പി. ജയരാജനുമായിട്ടായിരുന്നു ഏറ്റുമുട്ടിയത്. വിജയം എം. വി. രാഘവനായിരുന്നു. തുടര്‍ന്ന് 1991-ല്‍ കഴക്കൂട്ടത്തു നിന്നും വിജയിച്ച് സഹകരണ മന്ത്രിയുമായി. 1996-ല്‍ ആറന്മുളയില്‍ കവി കടമനിട്ടയോടും 2006-ല്‍ പുനലൂരിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെന്മാറയിലും പരാജയപ്പെട്ടു.

സഹകരണ മന്ത്രിയായിരിക്കെ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പിന്തുണയോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനു തുടക്കമിട്ടു. പാപ്പിനിശ്ശേരിയില്‍ വിഷ ചികിത്സാ കേന്ദ്രവും സ്ഥാപിച്ചു. സി. പി. എമ്മില്‍ നിന്നും ശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സ കേന്ദ്രം തകര്‍ത്തും വീടിനു തീ വെച്ചും എതിരാളികള്‍ രാഘവനോടുള്ള രാഷ്ടീയ പക തീര്‍ത്തു. സഹകരണ മന്ത്രിയായിരുന്ന രാഘവനെ തെരുവില്‍ തടയുന്നത് പതിവായി. ഇതൊടുവില്‍ 1994 നവമ്പര്‍ 25 നു കൂത്തുപറമ്പില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ മരണത്തിനും ഇടയാക്കി.

എം. വി. ആറിന്റെ ജീവിതം കേരളത്തിലെ വിശിഷ്യ മലബാറിലെ സി. പി. എമ്മിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. ഒരു ജന്മം എന്ന തന്റെ ആത്മകഥയില്‍ അതിജീവിച്ച പ്രതിസന്ധികളേയും ഒപ്പം കേരള രാഷ്ടീയത്തിലെ നിരവധി വിഷയങ്ങളേയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വേട്ടയാടലുകളെ കരുത്തു കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച ജ്വലിക്കുന്ന ഓര്‍മ്മയായി എം. വി. ആര്‍. നിലനില്‍ക്കും. ഓര്‍മ്മകള്‍ നഷ്ടമായ അവസാന കാലത്ത് സി. എം. പി. യില്‍ ഉണ്ടായ പിളര്‍പ്പ് ഒരു പക്ഷെ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകാനിടയില്ല. ഒരു വിഭാഗം യു. ഡി. എഫിനൊപ്പവും മറു വിഭാഗം എല്‍. ഡി. എഫിനൊപ്പവും ചേര്‍ന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ട് മക്കള്‍ ഇരു ചേരിയില്‍ നിലയുറപ്പിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

സി. വി. ജാനകിയാണ് ഭാര്യ. മക്കള്‍ എം. വി. ഗിരിജ, എം. വി. ഗിരീഷ് കുമാര്‍, എം. വി. രാജേഷ്, എം. വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി.). മരുമക്കള്‍ റിട്ട. പ്രൊഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി, പ്രിയ, റാണി.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine