പാരീസ്: ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യ അടക്കം 175 രാജ്യങ്ങൾ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വെള്ളിയാഴ്ച്ച ഒപ്പു വെച്ചു. ആഗോള താപന തോത് വർദ്ധനവ് നേരിടാനായി അടിയന്തിര തുടർ നടപടികൾ ആവശ്യമാണ് എന്ന് ലോക നേതാക്കൾ ഒന്നടങ്കം തദവസരത്തിൽ അഭിപ്രായപ്പെട്ടു.
റിക്കോർഡ് നിലവാരത്തിൽ ഉയരുന്ന ഭൂ താപനിലയും, കടൽ നിരപ്പിന്റെ വർദ്ധനവും ധ്രുവ മഞ്ഞു മലകൾ ഉരുകുന്നതും എല്ലാം ലോക രാഷ്ട്രങ്ങളുടെ മേൽ വൻ സമ്മർദ്ദമാണ് ഈ ഉടമ്പടി ഒപ്പിടുവാൻ വരുത്തി വെച്ചത്.
സമയത്തിനെതിരെ ഉള്ള ഒരു മൽസരത്തിലാണ് ഇപ്പോൾ ഭൂമി എന്നും അനന്തരഫലങ്ങൾ ഇല്ലാത്ത ഉപഭോഗത്തിന്റെ കാലം കഴിഞ്ഞു എന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞു.
- ജെ.എസ്.