പുതുമുഖ നായികാ നായകന്മാര്‍ക്ക് പഞ്ഞമില്ലാത്ത മലയാള സിനിമയില്‍ തികച്ചും പുതുമയാര്‍ന്ന ഒരു താരോദയം. അതെ, മലയാളത്തിലെ ആദ്യ ഉഭയലിംഗ താരമാകുകയാണ് കല്‍ക്കി സുബ്രമണ്യം. നേരത്തെ ഉഭയലിംഗമുള്ളവരുടെ വിഷയം കൈകാര്യം ചെയ്ത നര്‍ത്തകി എന്ന തമിഴ് ചിത്രത്തില്‍ കല്‍ക്കി പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. പുതിയ മലയാള ചിത്രവും ഉഭയലിംഗമുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. എം. എസ്. ഹാലിന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയില്‍ തന്റെ അനുഭവങ്ങള്‍ കൂടെ കല്‍ക്കി ചേര്‍ത്തിട്ടുണ്ട്.
ക്യാമറക്ക് മുമ്പില്‍ ഒരു കളിമണ്ണു പോലെ ഏതു വേഷവും തനിക്ക് വഴങ്ങുമെന്ന് പറയുന്ന കല്‍ക്കിക്ക് തന്റെ കഴിവുകളില്‍ വിശ്വാസമുണ്ട്. സ്മിതാ പാട്ടീല്‍, രേവതി, അഞ്ജലിനാ ജോളി തുടങ്ങിയ അഭിനേത്രിമാരെ ഇഷ്ടപ്പെടുന്ന കല്‍ക്കിക്ക് മഞ്ജു വാര്യര്‍ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതില്‍ നിരാശയുമുണ്ട്.
ഉഭയലിംഗമുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഹോദരി എന്ന സംഘടനയുടെ അമരക്കാരിയാണ് കല്‍ക്കി. ഉഭയലിംഗമുള്ളവർക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ഈ സംഘടന ശക്തമായ പോരാട്ടമാണ് നടത്തുന്നത്. അറിയപ്പെടുന്ന ബ്ലോഗ്ഗര്‍ ആയ കല്‍ക്കി തന്റെ ബ്ലോഗ്ഗിലൂടെ ഉഭയലിംഗമുള്ളവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കുവാന്‍ ശ്രദ്ധ വെയ്ക്കുന്നു. മറ്റു താര നിര്‍ണ്ണയങ്ങള്‍ നടന്നു വരുന്നതേ ഉള്ളൂ എങ്കിലും “സുന്ദരിയായ” കല്‍ക്കിയുടെ മലയാളത്തിലെ അരങ്ങേറ്റം ഒരു സംഭവമാക്കുവാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy