മലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ഇടേണ്ടതായ പേരാണ് ശോഭന പരമേശ്വരന്‍ നായര്‍ എന്നത്. ഒരു പാട് നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു അദ്ദേഹം വിട വാങ്ങി. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
ചിറയിന്‍ കീഴ് സ്വദേശിയായ അദ്ദേഹം തൃശൂരിലെ ശോഭന സ്റ്റുഡിയോ നടത്തി വരുമ്പോള്‍ ‘നീലക്കുയില്‍’ സിനിമയില്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ആയി തന്റെ സിനിമാ ജീവിതം ആരംഭിച്ചു.
ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് രാമു കാര്യാട്ടുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഭാര്‍ഗവീ നിലയം, മുടിയനായ പുത്രന്‍, മൂടുപടം തുടങ്ങിയ ഒട്ടേറെ സിനിമകളുടെ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.
എം. ടി. വാസുദേവന്‍ നായര്‍, പി. ഭാസ്കരന്‍ തുടങ്ങിയ പ്രതിഭകളുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രമായി മാറുകയായിരുന്നു. മികച്ച കലാസ്വാദന ശേഷിയും സാഹിത്യ ബോധവും ഉണ്ടായിരുന്ന പരമേശ്വരന്‍ നായര്‍ക്ക് സിനിമ വെറും കച്ചവടമായിരുന്നില്ല.
മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതില്‍ അദ്ദേഹം എന്നും ഉത്സാഹം കാണിച്ചിരുന്നു. സാഹിത്യത്തേയും സിനിമയേയും സര്‍ഗാത്മകമായി സഹകരിപ്പി യ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു.
നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ കളിത്തോഴനായിരുന്ന പരമേശ്വരന്‍ നായര്‍, മധു, അടൂര്‍ ഭാസി, പി. ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, ശ്രീദേവി, കെ. രാഘവന്‍ മാസ്റ്റര്‍, സംവിധായകന്‍ വിന്‍സെന്റ് എന്നിവരുടെ സിനിമാ ജീവിതത്തിലെ ജൈത്ര യാത്രക്ക് വഴി ഒരുക്കി.
എം. ടി. യുടെ മുറപ്പെണ്ണ്, നഗരമേ നന്ദി, കൊച്ചു തെമ്മാടി, സി. രാധാകൃഷ്‌ണന്റെ തുലാവര്‍ഷം, പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍, പെരുമ്പടവത്തിന്റെ അഭയം, ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, എസ്. എല്‍. പുരത്തിന്റെ നൃത്തശാല, എന്‍. മോഹനന്റെ പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ ശ്രദ്ധേയ സിനിമകളുടെ നിര്‍മ്മാതാവിരുന്നു.
ആദ്യ കാലത്ത് മദിരാശിയിലെ (ചെന്നൈ) സ്റ്റുഡിയോ ഫ്ലോറുകളില്‍ ഒതുങ്ങി നിന്നിരുന്ന മലയാള സിനിമയെ കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടു വന്നതില്‍ പ്രധാനി ശോഭനാ പരമേശ്വരന്‍ നായരായിരുന്നു.
ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക് തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary