കൊച്ചി : പ്രശസ്ത സിനിമാ സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ (61) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയി ലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രി 1.15 ഓടെയാണ് അന്തരിച്ചത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നടത്തും.
സൂപ്പര്‍ ഹിറ്റായ നിരവധി കുടുംബ ചിത്രങ്ങളും ഹാസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള പി. ജി. വിശ്വംഭരന്‍ അവസാനമായി സംവിധാനം ചെയ്തത് പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച ആണ്. ഇദ്ദേഹം സംവിധാനം ചെയ്ത കാട്ടുകുതിര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1975-ല്‍ ഒഴുക്കിനെതിരെ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് രംഗത്തെത്തിയ വിശ്വംഭരന്‍ വളരെ പെട്ടെന്നു തന്നെ സിനിമാ രംഗത്ത് ശ്രദ്ധേയനായി. മമ്മൂട്ടി ആദ്യമായി അഭിനയിച്ച സ്ഫോടനം എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. എണ്‍പതുകളിലെ കോമഡി തരംഗത്തില്‍ വന്‍ വിജയം കൈവരിച്ച പല ചിത്രങ്ങളും പി. ജി. വിശ്വംഭര ന്റേതായിരുന്നു. എഴുപുന്ന തരകന്‍, കാട്ടുകുതിര, പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച, ഗജ കേസരി യോഗം, സന്ധ്യക്കു വിരിഞ്ഞ പൂവ് എന്നിങ്ങനെ പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള സൂപ്പര്‍ താരങ്ങളെ വച്ചും, ജഗദീഷ് അടക്കം നിരവധി മിമിക്രി താരങ്ങളെ അണി നിരത്തിയും വ്യത്യസ്ഥങ്ങളായ അറുപതില്‍ പരം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
കലൂര്‍ ആസാദ് റോഡിലെ “വിമിനാസില്‍” ആണ് ഇദ്ദേഹം ഏറെക്കാലമായി താമസം. മീനയാണ് ഭാര്യ. മക്കള്‍ വിനോദ്, വിമി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary