മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് രണ്ടു വര്‍ഷം തികയുന്നു. ജീവിത ഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക് തന്മയത്വത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാന രചയിതാവ്, നാടകകൃത്ത്… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താന്‍ ആവാത്തതാണ്.
അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ. കെ. ലോഹിതദാസ് 2009 ജൂണ്‍ 28 നാണ് നമ്മോട് വിട പറഞ്ഞത്.
മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. പത്മരാജനും, ഭരതനും, എം. ടി. യ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ. പി. എ. സി. ക്കു വേണ്ടി 1986-ല്‍ നാടക രചന നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടക വേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടക വേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചു പറ്റി. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവര്‍’ തുടങ്ങിയ നാടകങ്ങളും എഴുതി.
സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി – സിബി മലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ല്‍ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിവയും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, remembrance