ദുബായ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങളെ കുറിച്ച് പ്രചാരണം നടത്തുന്ന യു. എ. ഇ. യിലെ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിക്കുമെന്ന് കാസര്‍കോട് നീലേശ്വരം സ്വദേശിയും സിനിമാ താരവുമായ കാവ്യാ മാധവന്‍ അറിയിച്ചു. വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രസിഡണ്ട് കെ. എം. അബ്ബാസ്, കണ്‍വീനര്‍ സാദിഖ് കാവില്‍ എന്നിവരെയാണ് കാവ്യ ഇക്കാര്യം അറിയിച്ചത്. ഗള്‍ഫിലെ വീട്ടു വേലക്കാരികളുടെ കഥ പറയുന്ന ഗദ്ദാമ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യു. എ. ഇ. യില്‍ എത്തിയതാണ് കാവ്യ.
കാസര്‍കോട് ജില്ലക്കാരി എന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നം തനിക്ക് നേരിട്ടറിയാം എന്ന് കാവ്യ പറഞ്ഞു. എന്നാല്‍ ഷൂട്ടിംഗ് തിരക്ക് കാരണം പലപ്പോഴും തനിക്ക് അവരുടെ സമീപത്ത് എത്തി നേരിട്ട് ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. കാസര്‍കോട് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ പ്രശ്നം രൂക്ഷമാണ്. നിരവധി പേര്‍ മതിയായ ചികില്‍സ ലഭിക്കാതെ മരണാസന്ന നിലയിലാണ്. മനസ്സില്‍ കാരുണ്യം സൂക്ഷിക്കുന്നവരൊക്കെ സഹായവുമായി മുന്നോട്ട് വരണം എന്ന് കാവ്യ ആഹ്വാനം ചെയ്തു. യു. എ. ഇ. യില്‍ ബോധവല്‍ക്കരണം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി എല്ലാവരും സഹകരിക്കണം എന്നും കാവ്യ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kavya, സാമൂഹ്യ സേവനം