പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ (83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നെയില്‍ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അവിവാഹിത നായിരുന്നു. ശവ സംസ്കാരം ചൊവ്വാഴ്ച ടി. നഗറിലെ ശ്മശാനത്തില്‍ നടത്തും. മലപ്പുറത്തെ അവിഞ്ഞിക്കാട്ട് മനയ്ക്കല്‍ എ. എം. പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റേയും മങ്കട കോവിലകത്ത് എം. സി. കുഞ്ഞിക്കാവു തമ്പുരാട്ടിയുടേയും മകനായി 1926 ജൂണ്‍ നാലിനായിരുന്നു രവി വര്‍മ്മ എന്ന പേരില്‍ പ്രശസ്തനായ എം. സി. രവി വര്‍മ്മ രാജയുടെ ജനനം.
പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തിലും ശബ്ദ ലേഖനത്തിലും പഠനം പൂര്‍ത്തിയാക്കി. ചെന്നെയിലേയും മുംബൈയിലെയും പ്രശസ്തമായ പല സ്റ്റുഡിയോകളില്‍ നിന്നും സിനിമാറ്റോഗ്രഫിയുടെ പ്രായോഗികമായ അറിവുകള്‍ സ്വാംശീകരിച്ചു. സിനിമയേയും ഛായാ ഗ്രഹണത്തേയും ഗൌരവ പൂര്‍വ്വം സമീപിച്ചിരുന്ന രവി വര്‍മ്മ “അവള്‍“ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടര്‍ന്ന് എം. ടി. – പി. എന്‍. മേനോന്‍ കൂട്ടു കെട്ടിന്റെ “ഓളവും തീരവും” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. സ്റ്റുഡിയോ സെറ്റുകളുടെ പരിമിതി കള്‍ക്കപ്പുറ ത്തേയ്ക്ക് മലയാള സിനിമയെ കൊണ്ടു വന്ന ആദ്യ ചിത്രവുമായിരുന്നു അത്. മങ്കടയുടെ ഈ പുത്തന്‍ പരീക്ഷണം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. “ഓളവും തീരവും” വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1970-ല്‍ സിനിമാ ഛായാ ഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരവും മങ്കട രവി വര്‍മ്മയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു. അരവിന്ദന്റെ “ഉത്തരായണവും” മങ്കടയുടെ കരിയറിലെ പ്രധാനപ്പെട്ട ഒന്നായി മാറി.
അടൂര്‍ എന്ന വിശ്വ വിഖ്യാത ചലച്ചിത്രകാരനെ പരിചയപ്പെട്ടത് ഇരുവരുടേയും സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായി. അടൂരിന്റെ “സ്വയം വരം“ മുതല്‍ “നിഴല്‍ക്കുത്തു” വരെയുള്ള ചിത്രങ്ങളുടെ ദൃശ്യ സാക്ഷാത്കാരം മങ്കടയാണ് നിര്‍വ്വഹിച്ചത്. ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ അദ്ദേഹത്തിന്റെ ഖ്യാതി പരക്കുവാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചു.
സിനിമാ സംവിധായകന്റെ വേഷവും തനിക്കിണങ്ങുമെന്ന് “നോക്കു കുത്തിയിലൂടെ” അദ്ദേഹം തെളിയിച്ചു. “ചിത്രം ചലച്ചിത്രം” എന്ന ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary