പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു. 83 വയസായിരുന്നു. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ഏറെ നാളായി ചികില്‍സയില്‍ ആയിരുന്നു.
രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു.
ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ ഏറെ നരകിച്ചു. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കായിരുന്നു താമസം. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക് സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.
ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിച്ച ഇവരുടെ സഹായത്തിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍, ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക് താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പതിനൊന്നര മണി മുതല്‍ മൃതദേഹം കോഴിക്കോട് ടൌണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary, santha-devi