തിരുവനന്തപുരം : പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജന്മഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള പ്രതിരോധത്തിന്റെ കഥ പറയുന്ന പാപ്പിലിയോ ബുദ്ധയുടെ സ്വകാര്യ പ്രദർശനം പോലീസ് തടഞ്ഞു. മലയാള സിനിമയിൽ ഗുണമേന്മയുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ പ്രകാശ് ബാരെ നിർമ്മിച്ച പാപിലിയോ ബുദ്ധ മുത്തങ്ങയിലേയും ചെങ്ങറയിലേയും ആദിവാസി പ്രതിരോധങ്ങളെ സൂക്ഷ്മമായി പഠിച്ചാണ് തയ്യാറാക്കിയത്. ചിത്രത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലൻ പൊക്കുടൻ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കാത്തതിനാൽ രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും ചിത്രത്തെ ഒഴിവാക്കിയതിൽ നേരത്തേ വിമർശനം ഉയർന്നിരുന്നു.
ചിത്രം ഹിംസാത്മകവും അശ്ലീല സംഭാഷണങ്ങളോട് കൂടിയതുമാണ് എന്ന കാരണം കാണിച്ചാണ് സെൻസർ ബോർഡ് വിലക്കിയത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.
എന്നാൽ കൊളോണിയൽ സെൻസർഷിപ്പ് നിയമങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ സെൻസർ ബോർഡിന്റെ പ്രവർത്തന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാപ്പിലിയോൺ ബുദ്ധയുടെ പ്രദർശനാനുമതി നിഷേധിച്ച നടപടി എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ട്രിബ്യൂണലിൽ അപ്പീലിനു പോയ തങ്ങൾക്ക് ചില ബീപ്പ് ശബ്ദങ്ങളും ചില ബ്ലറുകളും ഉൾപ്പെടുത്തി 5 മാറ്റങ്ങളോടെ പ്രദർശനാനുമതി ലഭിച്ചു എന്ന് പ്രവർത്തകർ അറിയിച്ചു.
ഇന്നലെ വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം കോബാങ്ക്‍ ടവർ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പ്രദർശനത്തിന് ഓഡിറ്റോറിയം അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒത്തുകൂടിയ പ്രേക്ഷകർ ബഹളം വെയ്ക്കുകയും ഓഡിറ്റോറിയത്തിനകത്തേക്ക് പ്രവേശിച്ച് പ്രദർശനം തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇന്റലിജൻസിന്റെ നിർദ്ദേശം ഉണ്ടെന്നും അതിനാൽ ചിത്രം പ്രദർശിപ്പിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നുമാണ് ഓഡിറ്റോറിയം ഭാരവാഹികൾ അറിയിച്ചത്. ഇതേ തുടർന്ന് സംഘർഷാവസ്ഥ സംജാതമാവുകയും പോലീസ് രംഗത്തെത്തുകയും ചെയ്തു. പോലീസ് ഗോ ബാക്ക് മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രേക്ഷകർക്ക് നിർമ്മാതാവ് പ്രകാശ് ബാരെ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് പ്രകാശ് ബാരെ, പ്രശസ്ത നാടക പ്രവർത്തകൻ സുവീരൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പൊക്കുടൻ, ഡോ. ജെ. ദേവിക, കവി കുരീപ്പുഴ ശ്രീകുമാർ, കെ. കെ. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ ജനക്കൂട്ടം രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്ന കൈരളി തിയേറ്ററിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.