മദാം ലെ ഫിഗാരോ എന്ന ഫഞ്ച് മാഗസിനു വേണ്ടി അര്‍ദ്ധനഗ്നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പ്രമുഖ ഇറാനിയന്‍ നടി ഗോത്ഷിഫ്തെ ഫറഹാനിയക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക്. ചിത്രം വിവാദമായതിനെ തുടര്‍ന്നാണ് ഇറാനിയന്‍ ഭരണ കൂടം നടിയ്ക്കെതിരെ കര്‍ശനമായ നിലപാടെടുത്തത്. ചിത്രം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയായിലും വന്നിരുന്നു. വിലക്കു സംബന്ധിച്ച് നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇറാനു കലാകാരന്മാരെയോ അഭിനേതാക്കളേയോ ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് ഇരുപത്തെട്ടുകാരിയായ ഈ ഇറാനിയന്‍ നടി പ്രതികരിച്ചത്. മികച്ച അഭിനേത്രിയെന്ന നിലയില്‍ ലോകമെമ്പാടും ഏറെ ആരാധകരുള്ള നടിയാണ് ഫറഹാനി.
1998-ല്‍ റിലീസ് ചെയ്ത ദ പിയര്‍ ട്രീ എന്ന ചിത്രത്തിലൂടെയാണ് ഫറഹാനി സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിനു നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ അവരെ തേടിയെത്തി. ടൈറ്റാനിക്ക് ഫെയിം ലിയാനാര്‍ഡോ ഡി കാപ്രിയക്കും റസ്സല്‍ ക്രോക്കും ഒപ്പം ഫറഹാനി അഭിനയിച്ച ബോഡി ഓഫ് ലൈസ് എന്ന ഹോളിവുഡ്ഡ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദിയുടെ ചിത്രങ്ങളിലും ഫറഹാനി അഭിനയിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളാണ് ഇറാനില്‍ ഉള്ളത്. ഒട്ടേറേ പ്രതിസന്ധികള്‍ തരണം ചെയ്ത് നിര്‍മ്മിക്കപ്പെടുന്ന ഇറാനിയന്‍ ചിത്രങ്ങള്‍ അന്താരാഷ്ട്ര മേളകളില്‍ ഏറെ പുരസ്കാരങ്ങളും പ്രശംസയും നേടാറുമുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, hollywood, world-cinema