തിരുവനന്തപുരം: ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർക്കേ വിദേശ സിനിമകളുടെ സബ് ടൈറ്റിലുകള്‍ വായിച്ച് മനസ്സിലാക്കാനാകൂ എന്നും അത്തരക്കാര്‍ ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്താല്‍ മതിയെന്നും ഉള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ സംവിധായകനും എഴുത്തുകാരനുമായ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സിനിമയുടെ സംവേദന സാധ്യതയെ സബ് ടൈറ്റിലിലേക്ക് ചുരുക്കിയ ആദ്യ സൈദ്ധാന്തികനാണ് അടൂരെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആംഗലേയത്തില്‍ വലിയ പാണ്ഡിത്യം ഇല്ലാത്ത എന്നാല്‍ സിനിമ എന്ന കലാരൂപത്തോട് വളരെ സൂക്ഷ്മമായി സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ ആവേശ പൂര്‍വ്വം നെഞ്ചേറ്റിയതു കൊണ്ടാണ് സാര്‍, തിരുവനന്തപുരം മേള ഇന്ത്യയിലെ ഏറ്റവും ജനകീയമായ ചലച്ചിത്ര മേള എന്ന അസ്തിത്വത്തോടെ ഇന്ന് നിലനില്‍ക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പ്രേക്ഷകന്റെ സംവേദന ശേഷി “പരീക്ഷ നടത്തി“ അളന്ന് മേളയിലേക്ക് പ്രവേശനം നല്‍കുന്നതിനെ ഉണ്ണികൃഷ്ണന്‍ പരിഹസിക്കുന്നു. താന്‍ മേളയില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.
ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരെ മേളയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഭാഷാ പാണ്ഡിത്യത്തെയോ സിനിമയെ പറ്റിയുള്ള മറ്റു പരിജ്ഞാനത്തെയോ ചോദ്യാവലിയിലൂടെ അളന്ന് വിലയിരുത്തി പ്രേക്ഷകന്റെ നിലവാരം നിശ്ചയിച്ച് പ്രവേശിപ്പിക്കേണ്ടതാണോ ചലച്ചിത്ര മേളയെന്ന് ഓണ്‍ലൈനിലും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ബുദ്ധിജീവികള്‍ക്കും അക്കാദമിക്ക് പണ്ഡിതര്‍ക്കും അപ്പുറം വലിയ ഒരു പ്രേക്ഷകവൃന്ദമാണ് ചലച്ചിത്ര മേളകളില്‍ എത്തുന്നത് എന്നിരിക്കെ ഇത്തരം തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്ര രംഗത്തുള്ളവരും പറയുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, film-festival, filmmakers