ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്. കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.
നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.
എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു. പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ ഈ പത്രത്തിന്റെ പ്രണാമം.