ചെന്നൈ: പ്രശസ്ത സംവിധായകന്‍ പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകുന്നേരം ഏഴരയോടെ ആയിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980-ല്‍ തിരകള്‍ എഴുതിയ കാവ്യം എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പത്മശ്രീ, ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ഒമ്പത് ദേശീയ അവാര്‍ഡുകളും സംസ്ഥാന സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ ഉള്‍പ്പെടെ മറ്റു നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. തമിഴ് സിനിമയ്ക്ക് നവ ഭാവുകത്വം പകര്‍ന്ന ബാലചന്ദര്‍ കമലഹാസന്‍, രജനീകാന്ത്, സരിത തുടങ്ങി പ്രമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.
1930 ജൂലായ് 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ദണ്ഡപാണിയുടേയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ബാലചന്ദര്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. എസ്. സി. സുവോളജി ബിരുദം നേടി. തുടര്‍ന്ന് തിരുവായൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായി. എം. ജി. ആർ. അഭിനയിച്ച ദൈവത്തായി എന്ന ചിത്രത്തിനു സംഭാഷണം എഴുതിക്കൊണ്ടാണ് ബാലചന്ദര്‍ സിനിമയിലേക്ക് കടന്നു വന്നത്.
1965-ല്‍ നാണല്‍, നീര്‍ക്കുമിഴി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1974-ലെ ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ക്കഥൈ എന്ന ചിത്രത്തിലൂടെ കമലഹാസനും 1975-ല്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെ രജനീകാന്തും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
രാജയാണ് ഭാര്യ. കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവര്‍ മക്കളാണ്. തമിഴ് സിനിമയിലെ വേറിട്ട സംവിധാന ശൈലിയുടെ ഉടമയായിരുന്ന ബാലചന്ദറിന്റെ നിര്യാണത്തില്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.