യക്ഷിയും ഞാനും തിയേറ്ററുകള്‍ നിറഞ്ഞോ ടുമ്പോള്‍ വിനയന്‍ എന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം കൂടെ ആണത്. മലയാള സിനിമയിലെ സംഘടനകളും വ്യക്തികളുമായി കുറേ കാലമായി വിനയന്‍ അത്ര രസത്തില്‍ അല്ല. പല ഘട്ടങ്ങളിലും ഇവര്‍ നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. മാക്ടയുടെ പിളര്‍പ്പിനും ഫെഫ്ക എന്ന പുതിയ സംഘടനയുടെ പിറവിക്കും കാരണം ഈ അഭിപ്രായ ഭിന്നത തന്നെ.
വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് തിലകനു വന്ന വിലക്കും മലയാള സിനിമാ സാംസ്കാരിക രംഗത്ത് ഒരു വലിയ വിവാദത്തിനു തന്നെ വഴി വെച്ചു. സുകുമാര്‍ അഴീക്കോട് സംഭവത്തില്‍ ഇടപെട്ടതോടെ അതിന്റെ ചൂടും വര്‍ദ്ധിച്ചു. അഴീക്കോട് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്യമായ വിഴുപ്പലക്കു കളിലേക്കും ഷൂട്ടിങ്ങ് ലൊക്കേഷനു കളിലേക്കുള്ള സമരങ്ങളിലേക്കും തിലകന്‍ - വിനയന്‍ വിഷയം എത്തി.
ചിത്രീകരണം തുടങ്ങിയതു മുതല്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിനു നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പല താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സംഘടനകളുടേയും സഹകരണം ഇല്ലായ്മ സിനിമയുടെ വിവിധ ഘട്ടങ്ങളില്‍ വെല്ലുവിളി യുയര്‍ത്തി. ഫിലിം ചേമ്പറിന്റെ ഇടപെടല്‍ മൂലം റിലീസിങ്ങിനും പ്രശ്നങ്ങള്‍ ഉണ്ടായി. അതിന്റെ പേരില്‍ റിലീസിങ്ങ് നീട്ടി വെച്ചു. എന്നാല്‍ അതിനെ ഒക്കെ അതിജീവിച്ച് ഒടുവില്‍ വിനയന്‍ ചിത്രം പുറത്തിറ ക്കിയിരിക്കുന്നു.
പുതു മുഖങ്ങളായ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഈ ചിത്രത്തില്‍ അവസരം നല്‍കിയിരിക്കുന്നു. ബാംഗ്ലൂര്‍ സ്വദേശിനി മേഘ്നയാണ് യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യക്ഷിയുടെ റോള്‍ ഇവര്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ഗൌതം ആണ് നായകന്‍. രാജന്‍ പി. ദേവിന്റെ മകന്‍ ജൂബിന്‍ രാജ്, റിക്കി, തിലകന്‍, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പതിവു വിനയന്‍ മസാലകള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം എങ്കിലും ഗ്രാഫിക്സിനു വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം വന്‍ ഇനീഷ്യല്‍ കളക്ഷന്‍ ആണ് നേടി ക്കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ ഇല്ലാതെ പുതു മുഖ താരങ്ങളെ വെച്ചും മലയാള സിനിമ വിജയിപ്പിക്കാമെന്ന് ഇത് വ്യക്തമക്കുന്നു.