മലയാള നിരൂപണത്തിലെ അന്തസ്സിന്റെ ആള്‍രൂപം ആയിരുന്നു ഇന്നലെ അന്തരിച്ച പ്രശസ്ത നിരൂപകന്‍ ശ്രീ. കെ. പി. അപ്പന്‍. മാരാര്‍ക്കും, പോളിനും ശേഷം ഈ ശ്രേണിയില്‍ ഇതു പോലെ ഉള്ള വ്യക്തിത്വങ്ങള്‍ വളരെ ചുരുക്കം ആയിരുന്നു. തീവ്രമായ ചിന്തകളെയും ആശയങ്ങളെയും മനോഹരമായ വരികളിലൂടെ മലയാളിക്ക് മുമ്പില്‍ അവതരിപ്പിച്ച എഴുത്തുകാരന്‍ ആയിരുന്നു കെ. പി. അപ്പന്‍. സാഹിത്യ നിരൂപണം വ്യക്തി ഹത്യകളുടേയും സ്വയം പുകഴ്ത്തലിന്റേയും അഴുക്കു ചാലിലേക്ക് വലിച്ചിഴക്ക പ്പെട്ടപ്പോള്‍ അതിനെതിരെ നിശ്ശബ്ദമായി വാക്കുകളിലൂടെ പ്രതിരോധി ക്കുവാന്‍ അപ്പനു കഴിഞ്ഞിരുന്നു. വിവാദ സദസ്സുകള്‍ക്കായി തന്റെ സമയവും ഊര്‍ജ്ജവും പാഴാക്കാതെ ക്രിയാത്മകമായി നിരൂപണങ്ങളും നിരീക്ഷണങ്ങളും നടത്തുവാന്‍ അദ്ദേഹത്തിനായി.
ബൈബിളിനെ ഒരു പക്ഷെ ഇത്രയും മനോഹരമായി നോക്കി ക്കണ്ട, അതിനെ കുറിച്ച് എഴുതിയ ഒരാള്‍ മലയാളത്തില്‍ ഇല്ലെന്നു പറയാം. ബൈബിള്‍ – വെളിച്ചത്തിന്റെ കവചം എന്ന രചനയിലൂടെ അദ്ദേഹം ബൈബിളിനെ കേവലം ഒരു മത ഗ്രന്ഥം എന്നതിനപ്പുറം കാണുന്നതിനെ കുറിച്ച് വായനക്കാരനു ധാരണ നല്‍കുന്നു.
ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വാക്കുകളില്‍ സൗന്ദര്യവും സൗരഭ്യവും ഒളിപ്പിച്ചു വച്ചു കൊണ്ട് എന്നാല്‍ അതിന്റെ ഗൗരവവും ഗാംഭീര്യവും ഒട്ടും ചോര്‍ന്നു പോകാതെ കൈകാര്യം ചെയ്യുവാന്‍ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. അന്ധമായ വിദേശ എഴുത്തുകാരെ പുകഴ്ത്തുകയും ഇന്ത്യന്‍ സാഹിത്യത്തെ പ്രത്യേകിച്ച് മലയാള സാഹിത്യത്തെ ഭല്‍സിച്ചും പരിഹസിച്ചും എഴുതി കയ്യടി വാങ്ങുന്ന അല്‍പ നിരൂപണങ്ങ ള്‍ക്കിടയില്‍ അപ്പന്റെ വാക്കുകള്‍ വേറിട്ടു നിന്നു.
1936 – ഓഗസ്റ്റ് 25 നു ആലപ്പുഴയിലെ പൂന്തോപ്പില്‍ പത്മനാഭന്റേയും കാര്‍ത്ത്യയനി അമ്മയുടെയും നാലു മക്കളില്‍ രണ്ടാമനായി ജനിച്ചു. എറണാംകുളം മഹാരാജാസില്‍ നിന്നും മലയാളത്തില്‍ എം. എ. കഴിഞ്ഞു ആലുവ യു. സി. കോളേജില്‍ തന്റെ അധ്യാപക വൃത്തിക്ക് നാന്ദി കുറിച്ചു. പിന്നീട് ആലുവ ചേര്‍ത്തല എസ്. എന്‍. കോളേജിലും തുടര്‍ന്ന് 1992 ല്‍ വിരമിക്കുന്നതു വരെ കൊല്ലം എസ്. എന്‍. കോളേജിലും സേവനം അനുഷ്ഠിച്ചു.
സംസാരത്തില്‍ പാലിക്കുന്ന മിതത്വം പക്ഷെ വായനയില്‍ ഇല്ലെന്നത് അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ സാക്‍ഷ്യ പ്പെടുത്തുന്നു. പുതുമകള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കാതെ അവയെ തിരിച്ചറിയുവാനും അംഗീകരിക്കുവാനും എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. നിലപടുകളിലും നിരീക്ഷണങ്ങളിലും തന്റേതായ ഒരു വ്യക്തിത്വം സൂക്ഷിച്ചിരുന്ന അദ്ദേഹം പ്രസംഗ വേദികളെ എന്നും അകറ്റി നിറുത്തിയിരുന്നു. സാഹിത്യ പരമായ സംവാദങ്ങളില്‍ പങ്കെടുക്കുമ്പോളൂം അത് വ്യക്തി ഹത്യകളിലേക്കോ വില കുറഞ്ഞ വിവാദങ്ങളിലേക്കോ പോകാതി രിക്കുവാന്‍ അതീവ ജാഗ്രത എന്നും പുലര്‍ത്തിയിരുന്നു. വിമര്‍ശനങ്ങളെ സൗന്ദര്യാത്മകം ആയതും ക്രിയാത്മ കവുമായ കലഹങ്ങള്‍ ആക്കിയ കെ. പി. അപ്പനു എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നത് ബാഹ്യ പ്രേരണയുടെ ഇടപെടല്‍ ഇല്ലാത്ത കലാസാധന ആയിരുന്നു.”ശിര്‍ഛേദം ചെയ്യപ്പെട്ട അന്തസ്സായി” രാഷ്ടീയ-അവാര്‍ഡുകളെ അദ്ദേഹം നിരീക്ഷിച്ചു. അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ കൊണ്ട് രചനകള്‍ നിര്‍വ്വഹിച്ച് ആധുനികതയെന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക് അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു.
തന്റെ ആദ്യ പുസ്തകമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ നിന്നും ആരംഭിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥ രചനകള്‍ കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വിവേക ശാലിയായ വായനക്കാരാ, പേനയുടെ സമര മുഖങ്ങള്‍, ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും, മധുരം നിന്റെ ജീവിതം, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക തുടങ്ങി നിരവധി രചനകളിലൂടെ മലയാളിക്ക് അദ്ദേഹം തുറന്നു തന്നത് അഭൗമമായ ഒരു വായനാനുഭവം ആയിരുന്നു.
മലയാള നിരൂപണത്തിന്റെ പഴഞ്ചന്‍ ചട്ടക്കൂടുകള്‍ തകര്‍ത്ത് പകരം ഒരു നവീനതയും ഊര്‍ജ്ജസ്വലതയും പകരുന്ന നിരൂപണ ങ്ങളിലേക്ക് അദ്ദേഹം തുടക്കം കുറിച്ചു എന്നു വേണം പറയുവാന്‍. വിമര്‍ശനങ്ങളില്‍ അസ്വസ്ഥമായി വായാടിത്തം കൊണ്ട് മറുപടി പറയാതെ ലളിതമായ വാക്കുകള്‍ കൊണ്ട് അദ്ദേഹം നേരിട്ടു. തന്റെ വരികളിലേക്ക് വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ഒരു കാന്തിക ശക്തി അദ്ദേഹത്തി നുണ്ടായിരുന്നു. അവസര വാദ പരമായ നിലപാടു കളുമായി പേനയുന്തുന്ന ആസ്ഥാന നിരൂപക ര്‍ക്കിടയില്‍ അന്തസ്സിന്റെ ആള്‍ രൂപമായി എന്നും വേറിട്ടു നിന്ന അദ്ദേഹം ബാക്കി വെച്ചു പോയ വരികള്‍ എന്നും ആ ജീവിതത്തെ വായനക്കാരന്റെ ഉള്ളില്‍ ദീപ്തമാക്കും.
– എസ്. കുമാര്‍ (paarppidam@gmail.com)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar