മത സൌഹാര്‍ദ്ദം പ്രോത്സാഹിപ്പിയ്ക്കുന്നതിനെ മത സംഘടനകള്‍ എതിര്‍ക്കുന്നതിനെ സങ്കുചിതത്വം എന്ന് വിളിയ്ക്കാം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെയോ? മതം എന്നാല്‍ അഭിപ്രായം എന്നാണ്. നിരീശ്വരവാദവും ഒരു മതമാണ്. ദൈവം ഇല്ല എന്ന് ഒരു വ്യക്തി വിശ്വസിയ്ക്കാന്‍ ആഗ്രഹിച്ചാല്‍ അതിനെ സ്റ്റേറ്റിന് എതിര്‍ക്കുവാനോ നിരുത്സാഹപ്പെടുത്തുവാനോ കഴിയില്ല എന്നിരിയ്ക്കെ മതനിഷേധവും ഒരു മതം തന്നെ. നിരീശ്വരവാദം പ്രോത്സാഹിപ്പിയ്ക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാഠപുസ്തകം പിന്‍വലിയ്ക്കാം എന്ന സര്‍ക്കാര്‍ നിലപാടിനെ ഒരു അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ്. ഒരു ഇന്ത്യന്‍ പൌരന് ഏത് മതവും സ്വീകരിയ്ക്കാം എന്നത് പോലെ തന്നെ ഏത് മതവും സ്വീകരിയ്ക്കാതിരിയ്ക്കാനും അവകാശം ഉണ്ട്. ഒരു മതത്തിലും വിശ്വസിയ്ക്കാതിരിയ്ക്കാനും. ഈ സ്വാതന്ത്ര്യത്തെ സ്റ്റേറ്റിന് നിരാകരിയ്ക്കാനോ ബഹുമാനിയ്ക്കാതിരിയ്ക്കാനോ ആവില്ല. മതങ്ങള്‍ക്കും അപ്പുറമുള്ള മാനവികതയെ പറ്റി കുട്ടികള്‍ക്ക് ബോദ്ധ്യപ്പെടുത്തുന്ന ഈ പുസ്തകത്താളുകളെ എതിര്‍ക്കുന്നവര്‍ എന്തിനെയാണ് ഭയയ്ക്കുന്നത്? സങ്കുചിതമായ അതിര്‍വരമ്പുകളില്‍ തങ്ങളുടെ അനുയായികളെ വിലക്കി നിര്‍ത്തുവാന്‍ ഇവരെ പ്രേരിപ്പിയ്ക്കുന്നത് എന്താണ്? തങ്ങളുടെ സമുദായത്തിന്റെ ജനസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ പരസ്യമായി പ്രോത്സാഹനം ചെയ്യാന്‍ വരെ ധൈര്യപ്പെടുന്ന ഇവര്‍ പ്രബുദ്ധ കേരളത്തിനെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഇനിയും ഒരു സഞ്ജയ് ഗാന്ധിയും അടിയന്തരാവസ്ഥയും നമുക്ക് ചിന്തിയ്ക്കാനാവില്ല. എന്നാല്‍ ജനസംഖ്യ വര്‍ധനവ് എന്ന വിപത്തിനെ നാം തിരിച്ചറിഞ്ഞതും ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ബോധവല്‍ക്കരണത്തിലൂടെ തന്നെ നേരിട്ട് ജനസംഖ്യാ നിയന്ത്രണത്തില്‍ കുറെയൊക്കെ വിജയിച്ചതും ആണ് ഇന്ത്യ ഇന്ന് കൈവരിച്ചിരിക്കുന്ന സാമ്പത്തിക പുരോഗതിയുടെ അടിത്തറ എന്ന് നാം മറന്ന് കൂടാ. നിരുത്തരവാദപരമായ രാഷ്ട്രീയ നാടകങ്ങളിലൂടെ നമ്മുടെ പുരോഗതിയ്ക്ക് വിഘാതമാവുന്ന ഇത്തരം പിന്‍തിരിപ്പന്‍ സ്ഥാപിത താല്‍പ്പര്യക്കാരെയും അവസര വാദികളായ രാഷ്ട്രീയക്കാരെയും നമുക്ക് തിരിച്ചറിയാന്‍ ഉള്ള അവസരമാണ് ഇത്തരം പ്രതിഷേധങ്ങള്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: geethu