ദുബായ് : മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം ആരുടേതെന്ന് ചോദിച്ചാല്‍ യു.എ.ഇ. യിലെ പഴമക്കാര്‍ പറയുന്നത് കെ. പി. കെ. വെങ്ങരയുടെ പേരായിരിക്കും. ഇദ്ദേഹത്തെ യു.എ.ഇ. യിലെ റേഡിയോയുടെ പിതാവ് എന്ന് വിളിക്കുന്നതും വെറുതെയല്ല. എന്നാല്‍ അഴിച്ചെടുക്കാന്‍ കഴിയാത്ത ചില കുരുക്കുകളില്‍ സ്വയം പെട്ട് പോയ യു.എ.ഇ. യിലെ മാധ്യമ രംഗത്തെ ഈ അതികായനെ ദുബായിലെ മാധ്യമ ഫോറം മറന്നു പോയോ എന്ന് സംശയിക്കാതിരിക്കാന്‍ ആവുന്നില്ല.
അഞ്ചു വര്ഷം മുന്‍പത്തെ കാര്യങ്ങള്‍ മറക്കുക എന്നത് മലയാളിയുടെ ദുര്യോഗമാണ് എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നാം വീണ്ടും ഒരിക്കല്‍ കൂടി കണ്ടതാണ്. 2006ല്‍ കെ. പി. കെ. അദ്ധ്യക്ഷന്‍ ആയിരുന്ന മീഡിയാ വേദിയിലെ ഒരു തലതൊട്ടപ്പന്‍ തന്നെ ഇദ്ദേഹത്തെ സഹായിക്കാന്‍ എന്ന പേരും പറഞ്ഞ് കഴിഞ്ഞ വര്ഷം പണപ്പിരിവ് നടത്തിയത് മാത്രം ബാക്കിയായി.
മര്‍ഡോക്കിന്റെ പാളയത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവര്‍ക്ക് നക്ഷത്ര തിളക്കത്തില്‍ കണ്ണ് മങ്ങുന്നത് സ്വാഭാവികമാവാം. എന്നാല്‍ പത്ര സമ്മേളനങ്ങള്‍ കൂലിക്ക് നടത്തി കിട്ടിയ കാശ് അംഗങ്ങള്‍ക്ക് പകുത്തു നല്‍കി ചരിത്രം സൃഷ്ടിച്ചവര്‍ തങ്ങളിലൊരുവന്‍ അഴിയാക്കുരുക്കില്‍ പെട്ട് പോയിട്ടും സഹായത്തിനായി സംഘടനാ ബലമോ പണമോ വിനിയോഗിക്കാന്‍ തയ്യാറാവാത്തത് ഇത്തരത്തിലുള്ള പണം ഞങ്ങള്‍ക്ക് വേണ്ട എന്ന് അഭിമാനത്തോടെ പറഞ്ഞ സംഘടനയിലെ ചില അംഗങ്ങള്‍ക്കെങ്കിലും കുറച്ചിലായി തോന്നുന്നത് ആശ്വാസകരമാണ്. ഇവരില്‍ ചിലര്‍ കെ. പി. കെ. യെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതും സ്വാഗതാര്‍ഹമായി.