ദുബായ് : ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പുതിയ ഭാരവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ സംഘടനയുടെ ഫണ്ടിലെ പണം ഉപയോഗിച്ച് വോട്ടര്‍മാരുടെ വ്യക്തിപരമായ പേരില്‍ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു.
നിലവിലെ ഭരണ സമിതിയുടെ കാലാവധി 2010 നവംബര്‍ 21ന് അവസാനിച്ച സാഹചര്യത്തില്‍ വന്‍ തുക ചിലവഴിച്ച് ഇത്തരമൊരു നീക്കം നടത്തുന്നതിന് ഭരണ സമിതിക്ക് അധികാരമില്ല എന്ന് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും വോട്ട് ലക്ഷ്യമാക്കി പണ വിതരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.
സംഘടനക്ക് പത്ര സമ്മേളനങ്ങള്‍ നടത്തുന്ന ഇനത്തില്‍ ഫീസായി ലഭിക്കുന്ന തുകയാണ് ഇത്തരത്തില്‍ വഴി വിട്ട് ചിലവഴിക്കുവാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ കാല സമിതികള്‍ കൈമാറിയ തുകയും കൂടി ചേര്‍ത്താല്‍ ഇതൊരു ഭീമമായ തുക തന്നെയുണ്ടാവും. ഇത് മൊത്തമായി അംഗങ്ങളുടെ സ്വകാര്യ പേരുകളില്‍ നിക്ഷേപിക്കുന്നതോടെ സംഘടനയുടെ ഫണ്ട് കാലിയാവും. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന സമിതിക്ക് ശൂന്യമായ ഒരു ഖജനാവാവും കൈമാറാന്‍ ഉണ്ടാവുക.എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ല എന്നാണ് ഭാരവാഹികളുടെ പക്ഷം.
ഭരണ സമിതിയുടെ കാലാവധി കഴിയുമ്പോള്‍ ഖജനാവിലെ പണം അടുത്ത സമിതിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി കൈമാറ്റം ചെയ്യണം എന്ന് സംഘടനയുടെ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ നിലയ്ക്ക് സംഘടനയുടെ പണം അംഗങ്ങള്‍ തമ്മില്‍ വീതിച്ചെടുത്ത് ഫോറം ഒരു ചിട്ടിക്കമ്പനിയായി അധപതിക്കരുത് എന്ന് ഭരണ സമിതിയിലെ തന്നെ ചില അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വോട്ട് ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍ക്ക് കളര്‍ ടി.വി. സമ്മാനമായി നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പോലെ ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത ഇത്തരം വില കുറഞ്ഞ നടപടികള്‍ സമൂഹത്തിന് മാതൃകയാവേണ്ട ഒരു സംഘടന കൈക്കൊള്ളരുത് എന്നാണ് ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരുടെയും അഭിപ്രായം.
കാലാവധി കഴിഞ്ഞ ഒരു ഭരണ സമിതി, എക്സിക്യൂട്ടീവ് അംഗങ്ങളില്‍ പലരും സ്ഥലത്തില്ലാത്ത സമയം നോക്കി അടിയന്തിരമായി കോറം തികയാതെ യോഗം ചേരുകയും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തതിനു പിന്നില്‍ ഗൂഡ ലക്ഷ്യങ്ങളുണ്ട് എന്നത് വ്യക്തമാണ്. കാലാവധി കഴിഞ്ഞ ഒരു സമിതി വന്‍ പണച്ചിലവു വരുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് സൊസൈറ്റീസ് ആക്റ്റ് (1860) പ്രകാരം സാധുതയില്ല. മാത്രമല്ല, ഇപ്രകാരം അധികാരമൊഴിയുന്ന ഭരണ സമിതി, സംഘടനയുടെ പണം അംഗങ്ങളുടെ പേരിലേക്ക് കൈമാറ്റം ചെയ്യുന്നതിനെതിരെ വ്യക്തമായ വിലക്കുകളും ഈ ആക്റ്റില്‍ അനുശാസിക്കുന്നുണ്ട്. പണം വഴി മാറി ചിലവഴിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥകള്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് നേരിട്ട് പണം വിതരണം ചെയ്യുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് കടക വിരുദ്ധമാണ് എന്നത് ഏതൊരു ഇന്ത്യാക്കാരനും അറിയാം എന്നിരിക്കെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ ഇത്തരമൊരു നീക്കം നടത്തുന്നത് ആശാസ്യമല്ല എന്ന് ഒരു മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ e പത്രത്തോട് പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, തട്ടിപ്പ്, മാധ്യമങ്ങള്‍