ന്യൂഡൽഹി : റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ കേരളം ഏറെ മുന്നിൽ എന്ന് കേന്ദ്ര സർക്കാർ. അപകടങ്ങൾ ഉണ്ടായാൽ കേരള ത്തിൽ ദ്രുത ഗതിയിലുള്ള പ്രതികരണവും വിപുലമായ ആശുപത്രി ശൃംഖലയുമാണ് വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കേരളത്തെ സഹായിക്കുന്നത്.
സ്‌പെഷ്യാലിറ്റി ആശുപത്രികൾ ധാരാളം ഉള്ള സംസ്ഥാനത്ത് അപകടത്തിൽപ്പെട്ടവരെ ട്രോമ കെയർ സെന്ററുകളിൽ പെട്ടെന്ന് എത്തിക്കാൻ കഴിയുന്നു എന്നും റോഡ് സുരക്ഷ വിദഗ്‌ധർ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 2023ൽ കേരളത്തിൽ ഉണ്ടായ റോഡ് അപകടങ്ങളുടെ എണ്ണം 48,091. ഇതിൽ മരണ പ്പെട്ടവരുടെ എണ്ണം 4,080.
അപകടങ്ങള്‍ മുൻ (2022) വർഷത്തേക്കാൾ 237 എണ്ണം കുറഞ്ഞു. റോഡ് അപകടങ്ങളുടെ കണക്കിൽ രാജ്യത്ത് മൂന്നാമത് ആണെങ്കിലും മരണ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദേശീയ തലത്തിലെ മരണ നിരക്കിൽ 100 അപകടങ്ങളിൽ 36 പേർ എന്നുള്ളത് കേരളത്തിൽ 8.5 മാത്രം എന്നുള്ളത് കേന്ദ്രം പ്രത്യേകം പരാമർശിച്ചു.