ന്യൂഡെല്‍ഹി: കെ. പി. സി. സി. പ്രസിഡണ്ടായി വി. എം. സുധീരനേയും വൈസ് പ്രസിഡണ്ടായി വി. ഡി. സതീശന്‍ എം. എൽ. എ. യേയും എ. ഐ. സി. സി. നേതൃത്വം തെരഞ്ഞെടുത്തു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നാണ് കെ. പി. സി. സി. പ്രസിഡണ്ട് സ്ഥാനത്ത് ഒഴിവു വന്നത്. പുതിയ പ്രസിഡണ്ടായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്റേയും, വി. എം. സുധീരന്റേയും പേരുകളാണ് ഉയര്‍ന്നു വന്നിരുന്നത്. രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയും വി. എം. സുധീരന്‍ പ്രസിഡണ്ടാകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറി കടന്നാണ് ആദര്‍ശ പരിവേഷമുള്ള വി. എം. സുധീരനെ പ്രസിഡണ്ടാക്കാൻ ഹൈക്കമാന്റ് തീരുമാനം എടുത്തത്. പാര്‍ളമെന്റേറിയന്‍ എന്ന നിലയിലും കോണ്‍ഗ്രസ്സ് നേതാവെന്ന നിലയിലും മികച്ച പ്രതിച്ഛായയാണ് വി. ഡി. സതീശന് ഉള്ളത്. നിലവില്‍ എ. ഐ. സി. സി. സെക്രട്ടറിയുമാണ്.
സര്‍ക്കാരിനും പാര്‍ട്ടിക്കും നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടി വക്താവാണ് പ്രഖ്യാപിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം