ന്യൂഡെല്‍ഹി: തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റ് പാസാക്കിയ പ്രമേയം പിന്‍ വലിക്കണമെന്ന് വി.എസ് അച്ച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. തന്റെ നിലപാടില്‍ ഉറച്ചു നിന്ന വി.എസിനോട് പാര്‍ട്ടിയുമായി സഹകരിച്ചു പോകണമെന്ന് കാരാട്ട് ആവര്‍ത്തിച്ചു. സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാന്‍ ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു വി.എസ്. പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ചനടത്തിയത്. പ്രമേയത്തെ കുറിച്ച് കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച നടത്തണം എന്ന് ആവശ്യപ്പെട്ടു. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ച് പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് വി.എസ്. സി.പി.എം സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതെന്ന് പറഞ്ഞ വി.എസ് പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതായും ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയം സംഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അച്ചടക്ക നടപടികള്‍ എടുക്കാന്‍ പാടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കാരാട്ടിനോട് പറഞ്ഞു.
കേന്ദ്ര കമ്മറ്റിയോ പോളിറ്റ് ബ്യൂറോയോ വി.എസിന്റെ ആവശ്യം ചര്‍ച്ച ചെയ്യുവാന്‍ സാധ്യതകള്‍ കുറവാണെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിനെതിരെ ഒരു തീരുമാനം എടുക്കുവാന്‍ കേന്ദ്ര നേതൃത്വം തല്‍ക്കാലം മുതിരാനിടയില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം