ചണ്ഡിഗര്‍ : പതിനാലു വയസ്സുകാരിയായ രുചികയെ മാനഭംഗപ്പെടുത്തിയ മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിനു കോടതി ഒന്നര വര്ഷം തടവ് ശിക്ഷ നല്‍കിയെങ്കിലും റാത്തോഡിന്റെ കരങ്ങള്‍ ജെയിലിനു പുറത്തേയ്ക്കും നീളുന്നതായി സൂചന. കേസ് പിന്‍വലിപ്പിക്കാനായി രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുകളായിരുന്നു കെട്ടിച്ചമച്ചത്. ഇപ്പോള്‍ ഇതാ പുതിയൊരു വഞ്ചനാ കേസുമായി പോലീസ് രുചികയുടെ അഭിഭാഷകനെയും വേട്ടയാടുന്നു.
റാത്തോഡിനെ ജെയിലിലേയ്ക്ക് പറഞ്ഞയച്ചതിനു ശേഷം പലരും തന്നോട് ഈ കേസ് തുടരരുത് എന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് രുചികയുടെ കേസ് പഞ്ചാബ് ഹരിയാനാ കോടതിയില്‍ വാദിച്ച രുചികയുടെ കുടുംബത്തിന്റെ വക്കീലായ പങ്കജ് ഭരദ്വാജ് പറയുന്നു. ഇത് ഒരു വന്‍ ലോബിയുടെ കളിയാണ്. രുചിക കേസ് മാറ്റി മറിയ്ക്കാനായി ഒരു ഉന്നത സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തനിയ്ക്കെതിരെയുള്ള ഈ കേസും ഇവരുടെ സൃഷ്ടിയാണ്.
കഴിഞ്ഞ മാസം ഈ കേസിന്റെ കാര്യത്തിനു പോലീസ് തന്നെ വിളിപ്പിച്ചിരുന്നു. അന്ന് കേസന്വേഷണത്തിന് താന്‍ പൂര്‍ണ്ണമായി സഹകരിച്ചതാണ്. എന്നിട്ടും ഇന്നലെ ഒരു പോലീസ് സംഘം തന്റെ വീട്ടില്‍ റെയിഡ് നടത്തി. തന്നെ അറസ്റ്റ് ചെയ്യുവാനായിരുന്നു അവര്‍ എത്തിയത്. എന്നാല്‍ താന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് അതിനു കഴിഞ്ഞില്ല എന്നും ഭരദ്വാജ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യം അടക്കം നിയമ പരമായി അറസ്റ്റ് ഒഴിവാക്കാനുള്ള എല്ലാ വഴികളും താന്‍ തേടുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ് അതിക്രമം, സ്ത്രീ പീഡനം