ന്യൂഡല്‍ഹി : രാജ്യത്തെ മദ്രസ്സകള്‍ അടച്ചു പൂട്ടണം എന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ യുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുത് എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മദ്രസ്സകളിലെ അധ്യയന രീതി വിദ്യാര്‍ത്ഥികളുടെ ഭരണ ഘടന അവകാശങ്ങള്‍ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശ ങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ചിരുന്നത്. സര്‍ക്കാര്‍ ധന സഹായം മദ്രസ്സകള്‍ക്ക് നല്‍കുന്നത് നിര്‍ത്തലാക്കണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്ന് എതിരെ ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും ഭരണ ഘടന നല്‍കുന്ന ഉറപ്പിൻ്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ ഇ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
മദ്രസ്സാ ബോര്‍ഡുകള്‍ അടച്ചു പൂട്ടണം. മദ്രസ്സകൾക്കും ബോര്‍ഡുകള്‍ക്കും നല്‍കുന്ന സഹായം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കണം. മുസ്‌ലിം ഇതര വിഭാഗ ത്തിലെ കുട്ടികള്‍ മദ്രസ്സകളിൽ പഠിക്കുന്നു എങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസ്സകളിൽ പഠിക്കുന്ന മുസ്‌ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നു എന്നതും ഉറപ്പു വരുത്തണം എന്നും കത്തില്‍ പറയുന്നു.
ഇതിൻറെ അടിസ്ഥാനത്തില്‍ മദ്രസ്സകളില്‍ പഠിക്കുന്ന കുട്ടികളോട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാന്‍ ഉത്തര്‍ പ്രദേശ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് പൊതു വിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാക്കി എന്നും ഉത്തരവില്‍ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ഗുജറാത്ത്, മതം, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം, സാങ്കേതികം, സുപ്രീംകോടതി