ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയില്‍ തൊഴിലാളി സമരവും അപകടങ്ങളും വിമാനം റദ്ദ് ചെയ്യലും ഒക്കെയായി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന തക്കത്തില്‍ വിദേശ വിമാന കമ്പനികള്‍ക്കായി ഇന്ത്യന്‍ ആഭ്യന്തര വിമാന ഗതാഗത രംഗം തുറന്നു കൊടുക്കുവാനുള്ള പദ്ധതികള്‍ പരിഗണിക്കും എന്ന് വ്യോമ ഗതാഗത മന്ത്രി വയലാര്‍ രവി അറിയിച്ചു.
വിദേശ കമ്പനികളുടെ കടന്നു വരവ് സുഗമമാക്കാനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിമാന കമ്പനികളില്‍ നടക്കുന്ന മിക്ക സമരങ്ങളും അകാരണമായ സര്‍വീസ് റദ്ദ് ചെയ്യലുമൊക്കെ എന്നൊക്കെയുള്ള ആരോപണങ്ങള്‍ ശക്തമാവുമ്പോള്‍ വയലാര്‍ രവിയുടെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യം കൈവരുന്നു.
ഏറ്റവും ഒടുവിലായി പ്രതിസന്ധി മൂലം നിരവധി സര്‍വീസുകള്‍ നിര്‍ത്തി വെച്ച് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാന്‍ വിജയ് മല്യ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ നിക്ഷേപമായി 400 കോടി രൂപ ഉടനടി ആവശ്യമാണെന്നും അതിനാല്‍ ആഭ്യന്തര വിമാന ഗതാഗത രംഗത്ത് വിദേശ നിക്ഷേപത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
ഇന്ത്യന്‍ വിമാന കമ്പനികളെ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമാക്കുകയും ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ വിപണിയായ ഇന്ത്യയിലെ ആഭ്യന്തര വിമാന ഗതാഗത രംഗം വിദേശ വിമാന കമ്പനികള്‍ക്ക് ആധിപത്യം സ്ഥാപിക്കാനായി തുറന്നു കൊടുക്കുകയും ചെയ്യുന്നതോടു കൂടി അവശേഷിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ കൂടി പൂട്ടിപ്പോവും എന്നത് ഉറപ്പാണ്. ഇത് തന്നെയാണ് വിദേശ കമ്പനികളെ സഹായിക്കാനായി കച്ച കെട്ടി ഭരണത്തില്‍ ഏറിയിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടതും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, വിമാനം, സാമ്പത്തികം