ന്യൂഡെല്‍ഹി: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാനുള്ള സംസ്ഥാന കമ്മറ്റി തീരുമാനം കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും അംഗീകരിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ ആണ് നടപടി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണമാണ് സി.പി.എം അംഗങ്ങളായ ഇവരെ പുറത്താക്കുവാന്‍ ഇടയാക്കിയത്. എന്നാല്‍ വി.എസ്.അച്ച്യുതാനന്ദനെതിരെ തല്‍ക്കാലം നടപടിയൊന്നും ഇല്ല എന്നാണ് സൂചന. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം എന്ന് സംസ്ഥാന കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കമ്മറ്റിയില്‍ പി.കെ.ശ്രീമതി, കെ.കെ.ശൈലജ തുടങ്ങിയവര്‍ വി.എസിനെതിരെ നടപടിയെടുക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ പി.കെ.ഗുരുദാസന്‍ നിഷ്പക്ഷമായ നിലപാട് എടുത്തു.
തന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് തന്റെ ചിറകരിയുവാനാണ് ശ്രമമെന്ന് വി.എസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മൂന്നുപേരെയും പുറത്താക്കുന്നതിലൂടെ വി.എസിനെ വരുതിയില്‍ നിര്‍ത്തുവാന്‍ ആകും എന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.ഐസ്ക്രീം കേസുള്‍പ്പെടെ പല കേസുകളുടേയും നടത്തിപ്പിലും ജനകീയവിഷയങ്ങള്‍ വി.എസിന്റെ ശ്രദ്ധയില്‍ പെടുത്തി പോരാട്ടങ്ങള്‍ നടത്തുന്നതിലും ഈ മൂവര്‍ സംഘം ശക്തമായ പിന്തുണയാണ് വി.എസിനു നല്‍കി വന്നിരുന്നത്. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധപുലര്‍ത്തി വരുന്ന ആളാണ്.അവസാനം വരെ തന്റെ പേഴ്സണല്‍ സ്റ്റാഫിനെ സംരക്ഷിക്കുവാന്‍ വി.എസ് ശക്തമായി പോരാടിയെങ്കിലും ഇവരെ പുറത്താക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും സംസ്ഥാന നേതൃത്വം തയ്യാറായില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, പ്രതിഷേധം, വിവാദം