ബാംഗളൂരു: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ വധിക്കുവാന്‍ ശ്രമിച്ച കേസുകളില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കേരളാ പോലീസ് ചോദ്യം ചെയ്തു. ഇരുവരേയും വധിക്കുവാന്‍ പണം നല്‍കി ആളെ ഏര്‍പ്പാടാക്കി എന്നാണ് മഅദനിയ്ക്കെതിരെ ഉള്ള കേസ്.
ബാംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിയാണ് കേരള പോലീസ് സംഘം മഅദനിയെ ചോദ്യം ചെയ്തത്. ഈ രണ്ടു വധശ്രമക്കേസുകളിലും തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ നടന്നത് രാഷ്ടീയ ഗൂഢാലോചനയാണെന്നും ചോദ്യം ചെയ്യലില്‍ മദനി പറഞ്ഞതായാണ് സൂചന. രണ്ടാം പ്രതിയെന്ന് പറയുന്ന മാറാട് അഷ്‌റഫിനെ താന്‍ കാണുന്നത് കോയമ്പത്തൂര്‍ ജയിലില്‍ വച്ചാണ്.
എന്നാല്‍ പി.പരമേശ്വരനേയും ഫാദര്‍ അലവിയേയും വധിക്കുന്നതിനായി തോക്കുള്‍പ്പെടെ ആയുധങ്ങള്‍ വാങ്ങുന്നതിനായി മഅദനി പണം നല്‍കിയതായാണ് അഷ്‌റഫ് പോലീസിനു മൊഴി നല്‍കിയത്. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ള മഅദനിയെ ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. മഅദനിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മഅദനിയെ പോലീസ് സംഘം ചോദ്യം ചെയ്തത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തീവ്രവാദം, വിവാദം