ബേട്ടൂല്‍: ആദിവാസി ഭൂരിപക്ഷ പ്രദേശത്ത് സംഘടിപ്പിച്ച സമൂഹ വിവാഹത്തിനു മുമ്പ് കന്യകാത്വ പരിശോധനയും ഗര്‍ഭ പരിശോധനയും നടത്തിയത് പുറത്തു വന്നതോടെ മധ്യപ്രദേശില്‍ സര്‍ക്കാറിനെതിരെ ജനരോക്ഷം ഉയര്‍ന്നു. ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന സമൂഹ വിവാഹ പരിപാടിക്ക് മുമ്പാണ് 350 ഓളം സ്ത്രീകളെ കന്യാകത്വ-ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. ‘കന്യകമാര്‍ അല്ലെന്ന് കണ്ടത്തിയതിനെ‘ തുടര്‍ന്ന് 8 സ്ത്രീകളെ വിവാഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍ മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുവാനാണ് ഇത്തരം പരിശോധനയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു . സംഭവം വിവാദമായതോടെ അന്വേഷണത്തിനു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഏതാനും വര്‍ഷമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന പരിപാടി സംഘടിപ്പിച്ചു വരുന്നു.