അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ കലാ ബെനി വാള്‍ ആണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. മോഡിയ്ക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൌഡമായ ചടങ്ങില്‍ എല്‍.കെ.അദ്വാനി, നിധിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അരുണ്‍ ഷൂരി, മുക്താര്‍ അബ്ബാസ് നഖ്വി, തമിഴ്‌നാട് മുഖ്യമന്ത്രി കുമാര്‍ജി ജയലളിത നിരവധി സംസ്ഥാന മുഖ്യമന്ത്രിമാര്‍, നടന്‍ വിവേക് ഒബ്രോയ്, ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി, ആര്‍.എസ്.എസ്-വി.എച്ച്.പി നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ടീയ, സിനിമ, വ്യവസായ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ എന്‍.ഡി.എ അംഗമായ ഭീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ശ്രദ്ധെയമായി.
നാലാം തവണയാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ ആണ് നരേന്ദ്ര മോഡി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. തുടര്‍ന്ന് നടന്ന മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് മോഡിയാണ്. ഇന്ത്യയ്ക്കകത്തും പുറത്ത് മോഡിക്കെതിരെ ശക്തമായ പ്രചാരണങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ ദുര്‍ബലമായ പ്രതിപക്ഷത്തിനു അവസരം മുതലാക്കുവാന്‍ സാധിച്ചില്ല. എങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റ് കുറവുണ്ടായി. ഇത്തവണ 182 അംഗ നിയമ സഭയില്‍ 115 സീറ്റുകളാണ് അവര്‍ നേടിയത്. മോഡി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുവാന്‍ സാധ്യതയുണ്ട്.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



























 