ന്യൂഡെല്‍ഹി : മന്‍മോഹന്‍ സിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്ത പ്രധാന മന്ത്രിയാണെന്ന് ‘ടൈം’ മാസിക. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിനു വിത്തു പാകിയ മന്‍മോഹനെ കമ്പോള ശക്തികള്‍ക്ക് വലിയ പ്രിയമായിരുന്നു. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടവന്‍ എന്നാണ് ടൈം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വര്‍ദ്ധിച്ചു വരുന്ന അഴിമതി, സാമ്പത്തിക വളര്‍ച്ചയിലെ കുറവ്, രൂപയുടെ മൂല്യം ഇടിയുന്നത് എന്നിവയെ കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നു. മന്‍മോഹന്റെ മുഖചിത്രവുമായി ഇറങ്ങുന്ന ഏഷ്യന്‍ എഡിഷനിലാണ് ഇതേ പറ്റി ഉള്ളത്.
ദീര്‍ഘകാല വികസനത്തെ പറ്റി സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നില്ലെന്നും, രാജ്യം പിന്നോക്കം പോകുകയാണെന്നും ലേഖനം പറയുന്നു. നിഴലില്‍ നില്‍ക്കുന്ന മനുഷ്യനാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയെന്നും, യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള “അനൌദ്യോഗിക അധികാരം പങ്കിടല്‍” മന്‍മോഹനു കൂച്ചു വിലങ്ങിട്ടിരിക്കുകയാണെന്നും, പരിഷ്കരണ നടപടികളില്‍ മന്‍മോഹന്‍ പരാജയപ്പെട്ടുവെന്നും മാസിക വിലയിരുത്തുന്നു.
ടൈം മാസികയുടെ വിലയിരുത്തല്‍ ബി. ജെ. പി. രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അഴിമതിയും നാഥനില്ലായ്മയും ആണ് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവര്‍ ആരോപിച്ചു.