ന്യൂഡല്ഹി: ഫ്രാന്സിന്റെ ഗോള് വലയില് ഇന്ത്യന് താരങ്ങള് ഗോള് വര്ഷം തീര്ത്ത് ( 8-1 ) ലണ്ടന് ഒളിംമ്പിക്സിലേക്ക് യോഗ്യത നേടി. ഇന്ത്യന് കളിക്കാരുടെ മാസ്മരികമായ പ്രകടനത്തോട് പിടിച്ചു നില്ക്കുവാനാകാതെ ഫ്രഞ്ചു താരങ്ങള്ക്ക് പലപ്പോഴും മനോനിയന്ത്രണം വിടുന്ന കാഴ്ച കാണാമായിരുന്നു. ഇന്ത്യന് ടീമിലെ പെനാല്ട്ടി കോര്ണര് സ്പെഷ്യലിസ്റ്റായ സന്ദീപ് സിങ് ആയിരുന്നു ഗോള്വര്ഷത്തിന്റെ ചുക്കാന് പിടിച്ചത്. ഹാട്രിക് ഉള്പ്പെടെ അഞ്ചു ഗോളുകള് സന്ദീപ് സിന്ദ് നേടി. അഞ്ചും പെനാല്ട്ടി ഗോളുകള് ആയിരുന്നു. ഗോള്മുഖത്തെ പ്രതിരോധ വലയം തീര്ക്കുന്ന എതിര് ടീമിലെ താരങ്ങളെ ഒരു നിമിഷം സ്തബ്ദരാക്കുന്ന കണ്കെട്ട് വിദ്യ സന്ദീപിനു സ്വന്തം. ഗോള്മഴയുടെ തുടക്കമിട്ടത് ബീരേന്ദ്ര ലോക്രയായിരുന്നു. പിന്നീട് സന്ദീപിന്റെ ഊഴമായി. ഇതിനിടയില് ഫ്രാന്സിന്റെ സൈമണ് മാര്ട്ടിന് ബ്രിസാക് ഇന്ത്യന് പ്രതിരോധത്തിന്റെ പഴുത് മുതലെടുത്ത് ഒരു ഗോള് മടക്കി. തുടര്ന്ന് സന്ദീപ് ഒന്നാം പകുതി പൂര്ത്തിയാക്കും മുമ്പുതന്നെ മറ്റൊരു ഗോള് നേടിക്കൊണ്ട് തിരിച്ചടിച്ചു. രണ്ടാം പകുതി അക്ഷരാര്ഥത്തില് സന്ദീപും സംഘവും കളം നിറഞ്ഞാടുകയായിരുന്നു. ഇതിനിടയില് ഇന്ത്യന് താരങ്ങളായ എസ്.വി സുനില്, രഘുനാഥ് എന്നിവരും ഫ്രഞ്ചു ഗോള്വലയില് ചലനം സൃഷ്ടിച്ചു. മഹത്തായ നേട്ടത്തില് മലയാളിസാന്നിധ്യമായി ഗോള് കീപ്പര് ശ്രീജേഷും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചു പെനാല്ട്ടി കോര്ണറുകള് ലഭിച്ചെങ്കിലും ശ്രീജേഷിന്റെ കാവലിനെ മറികടന്ന് വലകുലുക്കുവാന് ഫ്രാന്സിനെ അനുവദിച്ചില്ല. മികച്ച സൌകര്യങ്ങള് ഉള്ള ഫ്രഞ്ച് ടീമിനെ മുട്ടുകുത്തിച്ചതിലൂടെ അഭിമാനാര്ഹമായ നേട്ടമാണ് ഇന്ത്യന് ഹോക്കി ടീം കൈവരിച്ചിരിക്കുന്നത്. ഇന്ത്യന് പൈതൃകം അവകാശപ്പെടാവുന്ന ഹോക്കി പക്ഷെ ക്രിക്കറ്റെന്ന “കച്ചവട“ കളിക്ക് മുമ്പില് നിഷ്പ്രഭമാകുകയാണ്.