ന്യൂഡല്‍ഹി : ജ്ഞാനപീഠ ജേതാവായ പ്രശസ്ത അസാമീസ് എഴുത്തുകാരി ഇന്ദിരാ ഗോസ്വാമി അന്തരിച്ചു. 70 വയസ്സായിരുന്നു. ദീര്‍ഘ കാലമായി രോഗ ബാധിതയായിരുന്ന ഇവര്‍ കഴിഞ്ഞ ആറു മാസമായി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 7.42നായിരുന്നു അന്ത്യം. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു. തീവ്രവാദ സംഘടനയായ ഉൾഫയും ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടരുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കു ന്നതിനായുള്ള ശ്രമങ്ങളിൽ ഇവർ പ്രധാന പങ്കു വഹിച്ചിരുന്നു.
നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. ചിനാവർ ശ്രോത, നിലാകാന്തി ബ്രജ (നോവല്‍ ) സംസ്കാർ, ഉദങ് ബകച്, ദ ജേർണി, ടു ബ്രേക്ക് അ ബെഗ്ഗിങ് ബൗൾ (കഥാ സമാഹാരങ്ങള്‍ ) പെയ്ൻ ആന്റ് ഫ്ലെഷ് (കവിതാ സമാഹാരം) എന്നിവയാണ് പ്രധാന കൃതികള്‍ , 1983ല്‍ സാഹിത്യ അക്കാദമി പുരസ്കാരം, 1989ല്‍ ഭാരത് നിർമാൺ പുരസ്കാരം, 2000ല്‍ ജ്ഞാനപീഠ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2002ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കിയിരുന്നു എങ്കിലും നിരസിക്കുകയായിരുന്നു.