ജെയ്പൂര്‍ : പോലീസിനെ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്ത ഗ്രാമ വാസികളെ വെറുതെ വിടരുത് എന്ന് നിര്‍ദ്ദേശം നല്‍കിയ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വിവാദമായി. പോലീസുകാരുടെ സംഘടനയുടെ സമ്മേളനത്തിലാണ് മന്ത്രി ഏറെ കയ്യടി നേടിയ ഈ പ്രസ്താവന ഇറക്കിയത്.
പോലീസുകാരെ ഗ്രാമവാസികള്‍ തല്ലിയാല്‍ കൂടുതല്‍ ഒന്നും ചിന്തിക്കാതെ ട്രക്കുകള്‍ നിറയെ പോലീസുകാരുമായി ചെന്ന് ഗ്രാമം വളയണം എന്ന് മന്ത്രി പറയുന്നു. എന്നിട്ട് ഗ്രാമവാസികളെ അടിച്ച് ഒതുക്കുക. ഇതിനിടയില്‍ ചിലപ്പോള്‍ നിരപരാധികള്‍ക്കും തല്ല് കിട്ടിയെന്നിരിക്കും. അതൊന്നും നിങ്ങള്‍ കാര്യമാക്കണ്ട. തല്ലി ചതയ്ക്കുക. അതാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്നാണ് മന്ത്രി പോലീസുകാരുടെ നീണ്ട കരഘോഷത്തിന്റെ അകമ്പടിയോടെ പ്രസംഗിച്ചത്.
ഭരത്പൂര്‍ കലാപത്തെ തുടര്‍ന്ന് പോലീസ് മുസ്ലിം സമുദായത്തിന് നേരെ നടത്തിയ വെടിവെയ്പ്പ് വന്‍ വിവാദത്തിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസുകാര്‍ക്ക് എന്തും ചെയ്യുവാനുള്ള പോലീസ് മന്ത്രിയുടെ ആഹ്വാനം.