ബറേലി : മുപ്പത്തിനാലു വിരലുള്ള ഇന്ത്യന്‍ ബാലന്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി. ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയിലുള്ള അക്ഷത് എന്ന ഒരുവയസ്സുകാരനാണ് ലോകത്ത് ഏറ്റവും അധികം വിരലുകള്‍ ഉള്ളത്‍. തന്റെ മകന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത് ഇനിയും വിശ്വസിക്കുവാനായിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മയായ അമൃത സക്സേന പറയുന്നത്. കുട്ടിയുടെ വിരലുകളുടെ എണ്ണക്കൂടുതല്‍ ശ്രദ്ധിച്ച ഒരു ബന്ധുവാണ് ഗിന്നസ് ബുക്കില്‍ പേരു ചേര്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇന്റര്‍ നെറ്റിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ 31 വിരലുകളുമായി ചൈനയില്‍ ജനിച്ച ഒരു കുട്ടിയാണ് വിരലുകള്‍ എണ്ണക്കൂടുതലിന്റെ പേരില്‍ ഗിന്നസ് റിക്കോര്‍ഡ് എന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ ബന്ധുവും അമൃതയുടെ ബര്‍ത്താവും ചേര്‍ന്ന് ഗിന്നസ് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറി. പിന്നീട് അവര്‍ ആവശ്യപ്പെട്ട മറ്റു വിവരങ്ങളും ഒപ്പം ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കേറ്റും അയച്ചു കൊടുത്തു.
ഗര്‍ഭാവസ്ഥയില്‍ എല്ലുകള്‍ രൂപപ്പെടുന്ന സമയത്തുണ്ടായ ജനിതകമായ മാറ്റമാകാം ഇതിന്റെ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ ഉള്ള “വൈകല്യങ്ങള്‍” പ്ലാസ്റ്റിക് സര്‍ജ്ജറി വഴി മാറ്റാമെന്നും അവര്‍ പറയുന്നു. ഭാവിയില്‍ തന്റെ മകന് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട ചികിത്സകള്‍ നല്‍കുമെന്നാണ് കുട്ടിയുടെ അമ്മയായ അമൃത പറയുന്നത്.