ചെന്നൈ: സൈനികമേഖലയില്‍ സൈന്യത്തിന്റെ പാര്‍പ്പിട മേഖലയായ ഐലന്‍ഡ് ഗ്രൗണ്ട് വളപ്പില്‍ പഴങ്ങള്‍ പറിക്കാന്‍ കയറിയ ബാലന്‍ വെടിയേറ്റു മരിച്ചു. തമിഴ്‌നാട് സെക്രട്ടേറിയറ്റിനു സമീപമുള്ള ഐലന്‍ഡ് ഗ്രൗണ്ട് കോളനി പരിസരത്താണു സംഭവം. പതിമൂന്നുകാരനായ ദില്‍ഷനാണ് വെടിയേറ്റത്. ഗുരുതരമായ പരുക്കോടെ ആശുപത്രിയിലെത്തിച്ച ദില്‍ഷന്‍ വൈകാതെ മരിച്ചു. സംഭവത്തെപ്പറ്റി പോലീസും മിലിട്ടറി പോലീസും അന്വേഷണം തുടങ്ങി. ദില്‍ഷനുനേരേ സൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ആരോപണം. പ്രതിഷേധവുമായി ആശുപത്രിയിലെത്തിയ ജനക്കൂട്ടവുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനു പരുക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.
തുടര്‍ന്നു മുഖ്യമന്ത്രി ജയലളിത പ്രശ്‌നത്തില്‍ ഇടപെട്ടു. വെടിയുതിര്‍ത്ത സൈനികനെ പോലീസിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജയലളിത ചെന്നൈയിലെ ജി.ഒ.സി (ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്)ക്കു കത്തു നല്‍കി. പതിമൂന്നുകാരനായ ബാലന്‍ തീവ്രവാദിയോ ഭീകരനോ അല്ലെന്ന് എളുപ്പത്തില്‍ തിരിച്ചറിയാമെന്നിരിക്കെ, സൈനികന്‍ വെടിയുതിര്‍ത്തത് അപലപനീയമാണെന്നു ജയലളിത പറഞ്ഞു. ദില്‍ഷന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. എന്നാല്‍ സൈന്യത്തിന്റെ വെടിയേറ്റാണു ദില്‍ഷന്‍ മരിച്ചതെന്ന ആരോപണം ശരിയല്ലെന്ന് ബ്രിഗേഡിയര്‍ ശശിനായര്‍ പറഞ്ഞു.



അഹമ്മദാബാദ്: ഗോധ്ര കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുന്നില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഗോധ്ര കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നില വീണ്ടും പരുങ്ങലിലാക്കുന്നു. ഗോധ്ര തീവണ്ടി തീവയ്പിനു ശേഷം നടന്ന കലാപ കാലത്തെ പറ്റിയുള്ള പ്രധാനപെട്ട രേഖകളായ ടെലഫോണ്‍ കോള്‍ രേഖകള്‍, ഓഫീസര്‍മാരുടെ യാത്രാ രേഖകള്‍, വാഹനങ്ങളുടെ ലോഗ് ബുക്ക് തുടങ്ങിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ 2007-ല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് സഞ്ജീവ് ഭട്ട് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്.


























