മുംബൈ: മുംബൈയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. വൈകീട്ട് ഏഴ് മണിയോടെ മുംബൈയില്‍ മൂന്നിടങ്ങളിലായാണ് സ്‌ഫോടനമുണ്ടായത്. ഏറ്റവും തിരക്കേറിയ റയില്‍വേ മേഖലകളിലൊന്നായ ദാദര്‍, ഓപ്പറാ ഹൗസ്, തെക്കന്‍ മുംബൈയിലെ സ്വര്‍ണ രത്‌ന വ്യാപാരികളുടെ മേഖലയായ സവേരി ബസാര്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. കാറില്‍ വെച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന മൂന്ന് സ്ഥലങ്ങളും ജനത്തിരക്കേറിയ പ്രദേശങ്ങളാണ്. സംഭവം രാജ്യത്തെ ഒരിയ്ക്കല്‍കൂടി നടുക്കിയിരിക്കുകയാണ്.
സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സ്‌ഫോടനത്തില്‍ ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദാദര്‍ മേഖലയില്‍ മാത്രം പത്തോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഇതു വരെ ഏറ്റെടുത്തിട്ടില്ല. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ഹോംഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ദേശീയ അന്വേഷണ എജന്‍സി ഉദ്യോഗസ്ഥരോട് മുംബൈയിലേക്ക് തിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. മുംബൈയിലേക്ക് കമാന്‍ഡോ സംഘത്തെ അയക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
-