ന്യൂഡല്‍ഹി : “ഹാത്തി മേരെ സാഥി” എന്ന പേരില്‍ ആനകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒരു ബോധവല്‍ക്കരണ പദ്ധതിക്ക് കേന്ദ്ര പരിസ്തിതി മന്ത്രാലയം തുടക്കം കുറിച്ചു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തൊടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. ആനകളുടെ സംരക്ഷണം നിലനില്പ് എന്നിവയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നടക്കുന്ന ഈ-8 രാജ്യങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കേന്ദ്ര വനം പരിസ്തിതി മന്ത്രി ജയറാം രമേശ് ഈ പദ്ധതിയെ പറ്റി പ്രഖ്യാപിച്ചത്. ഈ-8 രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്റ്, ഇന്റോനേഷ്യ, ടാന്‍സാനിയ, കെനിയ, കോംഗോ, ബോട്സ്വാന എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നും മന്ത്രിമാര്‍ അടക്കം ഉള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോകത്ത് ഏറ്റവും അധികം ആനകള്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണിവര്‍.
ആനക്കൊമ്പിനായി വേട്ടയാടുന്നതും വ്യാപകമായി ക്കൊണ്ടിരിക്കുന്ന വന നശീകരണവും ആനകളുടെ നിലനില്പിനു ഭീഷണിയാകുന്നതായി പ്രതിനിധികള്‍ വ്യക്തമാക്കി. അടുത്തിടെ പുറത്തുവന്ന ഒരു കണക്ക് പ്രകാരം 38,500 നും 52,500 നും ഇടയില്‍ ആനകള്‍ ഏഷ്യന്‍ വനങ്ങളില്‍ ഉണ്ടെന്ന് കണക്കാപ്പെടുന്നു. ഇതില്‍ ഇരുപത്തയ്യായിരത്തോളം ആനകള്‍ ഇന്ത്യന്‍ വനങ്ങളിലാണ് ഉള്ളത് കൂടാതെ മൂവ്വായിരത്തി അഞ്ഞൂറോളം നാട്ടാനകള്‍ ഉണ്ട്. ഇന്ത്യയിലെ കൊമ്പനാനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അടുത്ത കാലത്തായി കേരളത്തിലെ നാട്ടാനകളുടെ ഇടയില്‍ മരണ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.