ബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കറിന്റെ ആശ്രമത്തില്‍ നടന്ന വെടിവെയ്പ്പ് അദ്ദേഹത്തിനെ ലക്‌ഷ്യം വെച്ചുള്ള ഒന്നായിരുന്നില്ല എന്ന് കര്‍ണ്ണാടക പോലീസ് ഡി. ജി. പി. അറിയിച്ചു. പ്രഭാഷണം കഴിഞ്ഞു രവി ശങ്കറും പരിവാരങ്ങളും കാറുകളില്‍ കയറി സ്ഥലം വിട്ടതിനു ശേഷം അഞ്ചു മിനിട്ടോളം കഴിഞ്ഞാണ് വെടി വെയ്പ്പ് നടന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനാല്‍ വെടി വെയ്പ്പിന്റെ ലക്‌ഷ്യം രവി ശങ്കര്‍ ആയിരുന്നില്ല എന്നാണു പോലീസിന്റെ നിഗമനം.
എന്നാല്‍ ഈ ആക്രമണം രവി ശങ്കറിനെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നാണു ആശ്രമം പറയുന്നത്. ഈ വാദത്തിനെ താന്‍ എതിര്‍ക്കുന്നില്ല എന്ന് പറഞ്ഞ ഡി. ജി. പി., താന്‍ വസ്തുതകള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.
സംഭവം നടന്നതിനു ശേഷം കുറെ സമയം കഴിഞ്ഞാണ് ആശ്രമം നടത്തിപ്പുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇവര്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുത്തതിന് ശേഷമാണ് പരാതി പോലീസില്‍ എത്തിയത്. വിനയ് എന്ന ഒരു ശിഷ്യന്റെ തുടയിലാണ് ബുള്ളറ്റ് തറച്ചത്. 700 അടി ദൂരെ നിന്നാണ് അക്രമി വെടി വെച്ചത് എന്നും പോലീസ് അറിയിച്ചു.