ഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ് മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.
ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്പില് അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്കിയ പതിനായിരം രൂപ മുത്തലിക്ക് വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത് വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്കിയ നിര്‍ദ്ദേശം.
രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.
രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.
മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ് അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.
ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.