കൃഷ്ണ – ഗോദാവരി തടത്തിലെ പ്രകൃതി വാതകം പങ്കു വെക്കുന്നതും അതിന്റെ വിലയും സംബന്ധിച്ച് അംബാനി സഹോദരന്മാര്‍ തമ്മില്‍ ഉള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് ഇന്റസ്ട്രീസിനു അനുകൂലമായി. വാതക വില സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ നിയമ പരമായോ സാങ്കേതിക മായോ നില നില്‍ക്കില്ലെന്നും, പ്രകൃതി വാതകം രാഷ്ട്രത്തിന്റെ സ്വത്താണെന്നും, അതിന്റെ വില നിര്‍ണ്ണ യാവകാശം പൂര്‍ണ്ണമായും സര്‍ക്കാരി നാണെന്നും ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള മൂന്നംഗ ബഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കി.f
വിധി അനുസരിച്ച് ആറാഴ്ചക്കുള്ളില്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് നാച്ച്വറല്‍ റിസോഴ്സസും, അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ ഉള്ള റിലയന്‍സ് ഇന്റസ്ട്രീസും സര്‍ക്കാര്‍ വിലയ്ക്കനുസരിച്ച് പുതിയ കരാറ് ഉണ്ടാക്കണം.
2005-ല്‍ അംബാനി സഹോദരന്മാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പ് വിഭജിച്ചിരുന്നു. അന്നുണ്ടാക്കിയ ധാരണ പ്രകാരം റിലയന്‍സ് ഇന്റസ്ട്രീസ് പ്രതിദിനം 2.8 കോടി ഘന അടി വാതകം, ദശ ലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനു 2.34 ഡോളര്‍ വച്ച് നല്‍കണം എന്ന് അനില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി മുകേഷ് രംഗത്തു വന്നതോടെ കേസ് കോടതിയില്‍ എത്തി. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ നിയമ യുദ്ധം, ഇന്ത്യന്‍ ഓഹരി വിപണിയിലും ചലനങ്ങള്‍ സൃഷ്ടിച്ചു. വിധിയേ തുടര്‍ന്ന് മുകേഷിന്റെ ഉടമസ്ഥ തയിലുള്ള കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു.