സ്ത്രീകളുടെ അവകാശ ലംഘനമായി കണ്ട് ബുര്‍ഖ ഫ്രാന്‍സില്‍ നിരോധിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഒരുങ്ങുന്നു. ഇതിലേക്കുള്ള ആദ്യ പടിയായി ബുര്‍ഖയുടെ ഉപയോഗം സ്ത്രീകളുടെ അവകാശ ലംഘനമാണ് എന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാന്‍ സര്‍ക്കോസി ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം മുസ്ലിം ജനതയെ അലോസര പ്പെടുത്താതെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുര്‍ഖ ഫ്രാന്‍സില്‍ സ്വാഗതാര്‍ഹമല്ല എന്ന തന്റെ നേരത്തേയുള്ള നിലപാടി ആവര്‍ത്തിച്ച സര്‍ക്കോസി, പുതിയ നിയമ നിര്‍മ്മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ആവാത്ത വിധം കുറ്റമറ്റതാവണം എന്നും അഭിപ്രായപ്പെട്ടു. ലിംഗ സമത്വവും, അന്തസ്സും, ജനാധിപത്യവും എതിര്‍ക്കുന്ന ശക്തികള്‍ക്ക് ഇതിനെ ചോദ്യം ചെയ്യാനും എതിര്‍ത്ത് തോല്‍പ്പിക്കാനും കഴിയാത്ത വിധം സമ്പൂര്‍ണ്ണമായിരിക്കണം ഈ ബില്‍. അതോടൊപ്പം തന്നെ മുസ്ലിം ജനതയുടെ വികാരങ്ങള്‍ കണക്കിലെടുക്കുകയും വേണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.