തൃശൂര്‍ : മലയാളി ശാസ്ത്രജ്ഞനായ നിക്സണ്‍ എം. അബ്രഹാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തുന്ന ഗവേഷണം അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. “ന്യൂറോണ്‍” എന്ന ശാസ്ത്ര ജേണലില്‍ വന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ് ഇദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും പുതിയ കണ്ടുപിടുത്തങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നത്. തലച്ചോറിന് ഗന്ധങ്ങളെ തിരിച്ചറിയാനുള്ള ശേഷിയെ പറ്റിയാണ് ഇദ്ദേഹം നടത്തിയ ഗവേഷണം. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള മസ്തിഷ്കത്തിന്റെ വേഗതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണമായ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ലളിതമായ ഗന്ധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടി വരുന്നു എന്ന ഇദ്ദേഹത്തിന്റെ ഗവേഷണത്തിനു രണ്ടു വര്‍ഷം മുന്‍പ് ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.
തൃശൂര്‍ മുണ്ടത്തുകുടിയില്‍ വര്‍ക്കി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും ഇളയ മകനാണ് നിക്സണ്‍. ഭാര്യ ജാന്‍സി ബേബിയും ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ ഗവേഷകയാണ്.



സുപ്രീം കോടതി വിധി പ്രകാരം രൂപീകരിക്കുന്ന ഉന്നതാധികാര അഞ്ചംഗ സമിതിയില്‍ തമിഴ് നാട് തങ്ങളുടെ പ്രതിനിധിയെ അംഗമാക്കേണ്ട എന്ന് തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ ആണ് സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സമിതിയില്‍ അംഗത്തെ അയക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്. സുപ്രീം കോടതിയുടെ തീരുമാനത്തെ പാര്‍ട്ടി ഔദ്യോഗികമായി എതിര്‍ക്കുന്നില്ലെങ്കിലും ഈ തീരുമാനത്തോട് പാര്‍ട്ടിയ്ക്ക് അനുകൂലിക്കാന്‍ ആവില്ല എന്ന് ഡി. എം. കെ. വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ഫയല്‍ ചെയ്ത കേസിന്റെ ഗതി ഈ തീരുമാനം തിരിച്ചു വിടും എന്ന് ഇവര്‍ ഭയക്കുന്നു.
ദുബായ് : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

പൂനെ: ശനിയാഴ്ച വൈകീട്ട് പൂനെയിലെ കൊരെഗാവില്‍ നടന്ന ഭീകര ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നു. കോരെഗാവിലെ ഓഷോ രജനീഷ് ആശ്രമത്തിന് അടുത്തുള്ള ബേക്കറിയില്‍ ആണ് ബോംബ് സ്ഫോടനം നടന്നത്. അന്‍പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. രജനീഷ് ആശ്രമത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ഇപ്പോഴും തിരക്കുള്ള ജര്‍മന്‍ ബേക്കറിയില്‍ പതിവ് പോലെ ഏറെ തിരക്കുള്ള വൈകുന്നേരമാണ് സ്ഫോടനം നടന്നത്. ഈ സ്ഥലം മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരനായി സംശയിക്കപ്പെടുന്ന ഹെഡ്‌ലി സന്ദര്‍ശിച്ചിരുന്നതായി ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു. 2009 ഒക്ടോബര്‍ 12 നു തന്നെ ഈകാര്യം കേന്ദ്രം മഹാരാഷ്ട്ര പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
























