ബാഗ്‌ദാദ് : സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലക്ഷ്യമാക്കിയ ഇരട്ട ബോംബ് സ്ഫോടനത്തില്‍ ഇറാഖില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. കുറച്ചു നാളായി നില നിന്ന ശാന്തതക്ക് അറുതി വരുത്തിയാണ് ഈ സ്ഫോടനം ബാഗ്ദാദിനെ പിടിച്ചു കുലുക്കിയത്. ഗോത്ര വര്‍ഗ്ഗ നേതാക്കളുമായി അമേരിക്ക നടപ്പിലാക്കിയ ധാരണയും കൂടുതല്‍ സൈനികരെ വിന്യസിച്ചതും മൂലം അല്‍ ഖൈദ ഭീകരരെ കുറെയൊക്കെ അമര്‍ച്ച ചെയ്യുവാനും ഇവിടങ്ങളിലെ നിയന്ത്രണം തിരികെ പിടിക്കാനും കഴിഞ്ഞു എന്ന ആശ്വാസത്തില്‍ ഇരിക്കവെയാണ് ഈ ഇരട്ട സ്ഫോടനങ്ങള്‍ നടന്നത്. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും 460 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തോടെ ഇറാഖിന്റെ നിയന്ത്രണം ഇറാഖി സൈന്യത്തിന് കൈകാര്യം ചെയ്യുവാന്‍ കഴിയുമോ എന്ന ആശങ്കക്ക് ആക്കം കൂട്ടുന്നു. 2011 ഓടെ പൂര്‍ണ്ണമായി ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് ഒബാമ.



പ്രമുഖ ബി.ജെ.പി. നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യ മന്ത്രിയുമായ വസുന്ധര രാജെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചുവെങ്കിലും പാര്‍ട്ടിക്ക് ഏറെ തലവേദന സൃഷ്ടിച്ചു കൊണ്ടു തന്നെയാവും അവര്‍ അരങ്ങൊഴിയുന്നത്. താന്‍ ഒരു സ്ത്രീ അയത് കൊണ്ടാണ് പാര്‍ട്ടി തന്നെ ബലിയാടാക്കിയത് എന്ന് ബി. ജെ. പി. പാര്‍ലമെന്ററി ബോര്‍ഡിന് അയച്ച എഴുത്തില്‍ അവര്‍ ആരോപിച്ചു. രാജസ്ഥാനിലെ ബി. ജെ. പി. നേതാക്കള്‍ താന്‍ മുഖ്യ മന്ത്രി ആയിരുന്നപ്പോഴും തന്നോട് സഹകരിച്ചിരുന്നില്ല. ബി. ജെ. പി. യില്‍ സ്ത്രീകള്‍ക്ക് വളരുവാനുള്ള സാഹചര്യം ഉണ്ടാവണം എന്ന് അവര്‍ ആവശ്യപ്പെട്ടു. താന്‍ രാജി വെക്കണം എന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത് എന്നത് അപമാനകരമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് പുലികള്‍ക്കു നേരെ നടത്തിയ സൈനിക നടപടിയുടെ മറവില്‍, തമിഴ് ജനതക്കു നേരെ വ്യാപകമായ മനുഷ്യാവകാശ ലംഘനവും, അതിക്രമവും നടന്നതായി അമേരിക്കന്‍ റിപ്പോര്‍ട്ട്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം വെടി നിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ച്, തമിഴ് വംശജരെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു. കീഴടങ്ങിയ തമിഴ് പോരാളികളെയും അന്താരാഷ്ട്ര മര്യാദകള്‍ വെടിഞ്ഞ് ശ്രീലങ്കന്‍ സൈന്യം വധിച്ചു. യുദ്ധ രഹിത മേഖലകളില്‍ കടന്നു ചെന്ന് സൈന്യം യുവാക്കളെയും കുട്ടികളെയും കൊലപ്പെടുത്തി. ഇവിടങ്ങളില്‍ ആവശ്യത്തിനു വെള്ളവും, ഭക്ഷണവും, മരുന്നും എത്തിക്കാം എന്ന് സര്‍ക്കാര്‍ ഏറ്റിരുന്നുവെങ്കിലും ഇത് നടന്നില്ല. യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന നരഹത്യ, എല്ലാ അന്താരാഷട്ര നിയമങ്ങളുടെയും ലംഘനമായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ട്, മനുഷ്യവംശത്തിനു നേരെയുള്ള കുറ്റകൃത്യമായിട്ടാണ് ഇതിനെ കാണുന്നത് എന്നും പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള ബില്ലില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിനു മുന്‍പായി തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 
























